കണ്ണൂർ: സമൂഹ മാധ്യമങ്ങളിലെ സി.പി.എം അനുകൂല ഗ്രൂപ്പുകളെ ‘കാപ്സ്യൂൾ’ നൽകി വളർത്തിയ എം.വി. ജയരാജന് ഇപ്പോൾ തിരിഞ്ഞുകൊത്തിയെന്ന പരിഭവം. ഇടതു വിലാസമുള്ള സമൂഹമാധ്യമ ഗ്രൂപ്പുകൾ ഒന്നും പാർട്ടിയുടേത് അല്ലെന്നും യുവാക്കൾ അതിനുപിന്നാലെ പോയതാണ് തെരഞ്ഞെടുപ്പിൽ വൻ പരാജയത്തിന് കാരണമെന്നുമാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. പോരാളി ഷാജി ഉൾപ്പെടെയുള്ള സമൂഹമാധ്യമ ഗ്രൂപ്പുകളെ തുടർച്ചയായ രണ്ടാംദിവസവും അദ്ദേഹം വിമർശിച്ചു.
സൈബറിടത്തിൽ പരിചിതമായ കാപ്സ്യൂൾ എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ് കൂടിയാണ് എം.വി. ജയരാജൻ. 2020ൽ പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ സൈബറിടത്തിൽ ഉയർന്ന വിമർശനങ്ങളെ ചെറുക്കുന്നതിനാണ് ഇദ്ദേഹത്തിന്റെ വിഖ്യാതമായ ‘കാപ്സ്യൂൾ’ ഇറങ്ങുന്നത്. ‘തിരുവനന്തപുരത്ത് പി.എസ്.സി റാങ്ക് ലിസ്റ്റിൽപെട്ട ഉദ്യോഗാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ എതിരാളികൾ ആസൂത്രിതമായി കമന്റിടും. അത് ചെറുക്കാൻ നമ്മളും കൃത്യമായ പ്ലാൻ ഉണ്ടാക്കണം. കമന്റ് ബോക്സിൽ രേഖപ്പെടുത്തേണ്ടവ കാപ്സ്യൂൾ ആയി നൽകും. ഒരു ലോക്കൽ കമ്മിറ്റി 300 മുതൽ 400 വരെ കമന്റുകൾ വരുത്താൻ നോക്കണം. ഒരാൾ തന്നെ പത്ത് കമന്റുകൾ ഇടുന്നതിനുപകരം കൂടുതൽ പേർ കമന്റിടണം..’ എന്നിങ്ങനെയുള്ള സന്ദേശമാണ് പുറത്തായത്. പാർട്ടി പ്രവർത്തകർക്കുള്ള നിർദേശം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് എം.വി. ജയരാജൻ പിന്നീട് വിശദീകരിക്കുകയും ചെയ്തു. ഏത് വിമർശനവും ന്യായീകരിക്കുന്നതിനുള്ള ഒറ്റവാക്കെന്ന നിലക്കാണ് കാപ്സ്യൂൾ പദം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.