തിരുവനന്തപുരം: ‘മല്ലു ഹിന്ദു ഓഫിസേഴ്സ്’ വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ സസ്പെൻഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണനെതിരെ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. ഇതിന്‍റെ ഭാഗമായി മൊഴിനൽകാൻ പരാതിക്കാരന് നോട്ടീസ് നൽകി.
കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്‍റെ പരാതിയിലാണ് അന്വേഷണം. ശനിയാഴ്ച മൊഴി നൽകാനെത്താനായിരുന്നു നാർക്കോട്ടിക് സെൽ അസി. കമീഷണർ നിർദേശിച്ചത്. എന്നാൽ, ഉപതെരഞ്ഞടുപ്പ് ഫലം വരുന്നതിനാലുള്ള അസൗകര്യം ചൂണ്ടിക്കാട്ടി മറ്റൊരു ദിവസം എത്തുമെന്നാണ് പരാതിക്കാരന്‍റെ വിശദീകരണം.
കെ. ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സിറ്റി പൊലീസ് കമീഷണർക്ക് നിയമോപദേശം നൽകിയിരുന്നു. മതപരമായ വിഭാഗീയതയുണ്ടാക്കാൻ ഗ്രൂപ് തുടങ്ങിയതിൽ കേസെടുക്കാമെന്നാണ് ജില്ല പബ്ലിക് പ്രോസിക്യൂട്ടർ മുഖാന്തരം സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ നിയമോപദേശം. എന്നാൽ, രേഖകൾ മുഴുവൻ പരിശോധിക്കാതെയുള്ള നിയമോപദേശമാണിതെന്നും വ്യക്തതക്കുറവുണ്ടെന്നുമാണ് പൊലീസ് നിലപാട്. വീണ്ടും നിയമോപദേശം തേടുമെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.