കൊച്ചി: അയര്‍ലന്‍ഡ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോട്ടയം പാലാ സ്വദേശിനിയും. പൈക വിളക്കുമാടം സ്വദേശിനി മഞ്ജു ദേവിയാണ് അയര്‍ലന്‍ഡ് തെരഞ്ഞെടുപ്പിൽ അങ്കം കുറിച്ചിട്ടുള്ളത്. നവംബർ 29ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഫിനഫാള്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ് മഞ്ജു.
ഡബ്ലിലെ മേറ്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആയ മഞ്ജു ഫിംഗാല്‍ ഈസ്റ്റ് (ഡബ്ലിന്‍) മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. മിനിസ്റ്റര്‍ ഡാറാഗ് ഒ. ബ്രെയാന്‍ ടി.ഡിയുമായി ചേർന്നാണ് മഞ്ജു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
രാജസ്ഥാനിൽ നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയ ശേഷം 2000ലാണ് മഞ്ജു സൗദിയിലെത്തിയത്. നാലുവര്‍ഷം റിയാദില്‍ കിങ് ഫൈസല്‍ ഹോസ്പിറ്റലിൽ സേവനം ചെയ്തു. 2005ൽ ഭർത്താവ് ശ്യാം മോഹനോടൊപ്പം അയർലൻഡിലെത്തിയ മഞ്ജു ഡബ്ലിനിലെ മേറ്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സായി ചേർന്നു.
ഇന്ത്യൻ കരസേനയിൽ സുബേദാർ മേജര്‍ ആയിരുന്ന കെ.എം.ബി. ആചാരി-കെ. രാധാമണി ദമ്പതികളുടെ മകളാണ് മഞ്ജു ദേവി. അയര്‍ലന്‍ഡിലെ പ്രസിദ്ധ ക്രിക്കറ്റ് ക്ലബ്ബായ ഫിന്‍ഗ്ലാസ് ക്രിക്കറ്റ് ക്ലബ്ബിന്‍റെ സ്ഥാപകരിലൊരാളായ ശ്യാം മോഹൻ തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്.
ദിയ ശ്യാം, ശ്രേയ ശ്യാം എന്നിവരാണ് മഞ്ജു-ശ്യാം ദമ്പതികളുടെ മക്കൾ. അയർലൻഡ് നാഷണൽ ക്രിക്കറ്റ് ടീം -അണ്ടർ 15 താരമാണ് ദിയ ശ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.