തിരുവനന്തപുരം: എസ്.സി- എസ് ടി വകുപ്പിലെ ജീവനക്കാർക്ക് എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ) സാങ്കേതിക വിദ്യയിൽ പരിശീലനം നൽകാൻ മാർഗ നിർദേശം പുറപ്പെടുവിച്ചു. ആവർത്തനസ്വഭാവമുള്ളവയും, രഹസ്യസ്വഭാവമില്ലാത്തതും, ഡാറ്റ പ്രൈവസി സംബന്ധിച്ച പ്രശ്നങ്ങൾ ഇല്ലാത്തതുമായ ജോലികളിലാണ് ഓഫ് -ദി- ഷെൽഫ് റൂൾസ് ഉപയോഗിക്കാൻ പരിശീലനം നൽകുന്നത്. ജനങ്ങൾക്ക് ഗുണപ്പെടുന്നതും, അടിയന്തര പ്രാധാന്യമുള്ളതുമായവ തിരഞ്ഞെടുക്കാനും വർക്ക്ഷോപ്പിന്റെ ഭാഗമായി ശ്രമം ഉണ്ടാവും.
ആദ്യ ഘട്ടത്തിലെ 60 പരിശീലനാർഥികൾക്കായി സെമിനാർ സംഘടിപ്പിക്കുന്നതിനാണ് പട്ടികജാതി-വർഗ പിന്നാക്ക വിഭാഗ വകുപ്പ് ഡയറക്ടർമാർക്ക് നിർദേശം നൽകിയാണ് ഉത്തരവ്. എസ്.സി -എസ്.ടി പിന്നാക്ക വിഭാഗ വികസന വകുപ്പുകളിൽ നിന്നും സെമിനാറിലേക്കായി ഏറ്റവും അനിയോജ്യമായ സാങ്കേതിക വിദ്യയിൽ അഭിരുചിയുള്ള 10 പേരുടെ വീതം ലിസ്റ്റ് (വിദ്യാഭ്യാസ യോഗ്യത ഉൾപ്പെടെ) വകുപ്പ് ഡയറക്ടർമാർ നൽകണം.
എ.ഐ ടുകൾ ഉപയോഗിക്കുക വഴി കൂടുതൽ കൃത്യതയോടെ, കൂടുതൽ ജോലി, കുറഞ്ഞ സമയത്തിൽ ജനോപകാരപ്രദമായി ചെയ്യാൻ ഉദ്യോഗസ്ഥരെ സജ്ജമാക്കുക എന്നതാണ് ലക്ഷ്യം. അനവധി ജനകീയമായ സ്കീമുകൾ നടപ്പിലാക്കുന്ന പട്ടികജാതി-വർഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളിലെ ജോലിഭാരം കുറക്കാനും ജീവനക്കാർക്ക് മനോന്മുഖമായും മനുഷ്യത്തത്തോടെയുമുള്ള ഇടപെടലുകൾക്ക് സമയം വിനിയോഗിക്കാനും ഈ ടൂളുകളുടെ ഉപയോഗം സഹായിക്കും.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റെലിജൻസിന്റെ പ്രായോഗിക വശങ്ങൾ പരിശോധിച്ച് വകുപ്പിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാനും വിവിധ ടൂളുകൾ ഉപയോഗിക്കാനും നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് പരിശീലനം നൽകുന്നത്.
തെരെഞ്ഞെടുത്ത ജീവനക്കാർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്നതിനായി 18ന് രാവിലെ 11.30 മുതൽ അഞ്ചുവരെ തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ വച്ച് ഏകദിന വർക്ക് ഷോപ്പ് നടത്തുവാനാണ് തീരുമാനം. നിലവിൽ ചില ഉദ്യോഗസ്ഥരെങ്കിലും ചില ഏ.ഐ ടൂളുകൾ സ്വന്തം നിലക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും അതിൽ ശാസ്ത്രീയമായി പരിശീലനമോ പുത്തൻ ടൂളുകളുടെ ക്രിയാതമകമായ സാധ്യതകളെക്കുറിച്ച് വിദഗ്ദ്ധരുടെ ഉപദേശമോ അവർ നേടിയിട്ടില്ല. പുതിയ സാങ്കേതിക വിദ്യ ഉദ്യോഗസ്ഥരിൽ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.