കോട്ടയം: സംസ്ഥാനത്തും തോക്കിനോടുള്ള പ്രിയം വർധിക്കുന്നു. പുതുതായി ആയുധ ലൈസൻസിന് അപേക്ഷിക്കുന്നവരുടെ എണ്ണവും വർധിച്ചു. സർക്കാർ കണക്കനുസരിച്ച് സംസ്ഥാനത്ത് ആയുധ ലൈസൻസുള്ളത് 7531 പേർക്കാണ്. പുതിയ ലൈസൻസിനായി അപേക്ഷ നൽകിയത് 500 പേരും. ആയുധ ലൈസൻസുള്ളവരിലും പുതിയതായി അപേക്ഷിച്ചവരിലും മുന്നിൽ കോട്ടയത്തുകാരാണ്. 1562 പേർക്കാണ് ജില്ലയിൽ ആയുധ ലൈസൻസുള്ളത്. 77 പേരാണ് പുതിയ ലൈസൻസിന് അപേക്ഷ നൽകിയത്. എറണാകുളത്ത് 1278 പേരുടെ പക്കൽ ആയുധ ലൈസൻസുണ്ട്. 52 പേരാണ് അപേക്ഷ നൽകിയത്. ജില്ലകളിൽ ആയുധ ലൈസൻസുള്ളവരുടെയും പുതിയ അപേക്ഷകരുടെയും എണ്ണം ചുവടെ: തിരുവനന്തപുരം -486, 26, കൊല്ലം -132,10, പത്തനംതിട്ട -196, 32, ആലപ്പുഴ -172, 38, കോട്ടയം -1562, 77, ഇടുക്കി -453, 31, എറണാകുളം -1278, 52, തൃശൂർ -362, 25, പാലക്കാട് -566, 31, മലപ്പുറം -329, 40, വയനാട് -160, 26, കോഴിക്കോട് -539, 11, കണ്ണൂർ -461, 60, കാസർകോട് -835, 41.
ലൈസൻസുള്ളവർ ഇത്രയാണെങ്കിലും പലരുടെയും കൈവശം അനധികൃത ആയുധങ്ങൾ കണ്ടേക്കാമെന്ന് അധികൃതരും സമ്മതിക്കുന്നു. അനധികൃതമായി ആയുധം കൈവശം വെക്കുന്നത് കുറ്റകരമാണെന്നും മുന്നറിയിപ്പുണ്ട്. ആയുധ ലൈസൻസിനായി അപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിന്റെ കാരണവും വ്യക്തമല്ല. സ്വയരക്ഷയെക്കുറിച്ചുള്ള ആകുലതയാണ് ആയുധ ലൈസൻസിനുള്ള അപേക്ഷ നൽകാൻ പലരെയും പ്രേരിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.
പുതിയ ആയുധ ലൈസൻസ് ലഭിക്കുന്നതിന് ഇപ്പോൾ പരിശീലനം നിർബന്ധമാണ്. പ്രത്യേക കോഴ്സ് പാസാകുന്നവർക്ക് മാത്രം തോക്ക് ലൈസൻസ് നൽകിയാൽ മതിയെന്ന നിലയിലേക്ക് കേന്ദ്രസർക്കാർ നീങ്ങുന്നതായുള്ള വിവരവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.