കരുനാഗപ്പള്ളി: പാവുമ്പ മഹാദേവർ ക്ഷേത്രത്തിലെ ഒമ്പതാം ഉത്സവദിവസം രാത്രി യുവാവിനെ ഗുണ്ടാസംഘം തല്ലിക്കൊന്നു. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്ക്. ചവറ കണിച്ചികുളങ്ങര വീട്ടിൽ ഉദയകുമാർ-ശ്രീജ ദമ്പതികളുടെ മകൻ അഖിൽജിത്ത് (21) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ ഗുണ്ടാസംഘം ഭീകരാന്തരീക്ഷമുണ്ടാക്കി ആക്രമണമഴിച്ചുവിടുകയായിരുന്നു. ഉത്സവം കാണാനെത്തിയ അഖിൽജിത്തിനും സുഹൃത്തിനും ക്രൂരമർദനമേറ്റു. ആളുമാറിയായിരുന്നു ആക്രമണമെന്ന് സംശയിക്കുന്നു. അവശനിലയിലായ അഖിൽജിത്തിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അർധരാത്രിയോടെ മരിച്ചു. സുഹൃത്ത് സമീപ വീട്ടിൽ അഭയം തേടി. ഗുണ്ടാസംഘം വീട്ടുകാരെയും ആക്രമിച്ചു. ഉത്സവം കാണാനെത്തിയ നിരവധിപേർക്ക് പരിക്കേറ്റു. അക്രമിസംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു.
ചവറ ടൈറ്റാനിയത്തിലെ കരാർ ഡ്രൈവർ ചിറ്റാക്കൽ വീട്ടിൽ ഉണ്ണി (50), അയൽവാസി നവാസ് (35) എന്നിവരെ വീട്ടിൽ കയറി ആക്രമിച്ചു. ഉണ്ണിക്ക് തലക്കും നവാസിന് മുഖത്തും ഗുരുതര പരിക്കേറ്റു. ഇരുവരെയും കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്സവ സ്ഥലത്തുണ്ടായിരുന്നവർ ഇടപെട്ടത് കൂടുതൽ സംഘർഷത്തിനിടയാക്കി.
ഗുണ്ടാസംഘവും ചത്തിയറ ഭാഗത്തുള്ള ഒരു സംഘവും തമ്മിൽ ശനിയാഴ്ച എട്ടാം ഉത്സവത്തിനിടെ വാക്കേറ്റമുണ്ടായിരുന്നു. ഇതിൻെറ പ്രതികാരമായിരുന്നു ഞായറാഴ്ചയിലെ ആക്രമണം. മണപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇരുപതോളം വരുന്ന സംഘത്തിലുള്ളവരാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. നേരത്തേ ഇവർ ആർ.എസ്.എസ് പ്രവർത്തകരായിരുന്നു. പിന്നീട് പല പാർട്ടികളിലും ചേർന്നെങ്കിലും ഇപ്പോൾ പാർട്ടികളുമായി ബന്ധമില്ലത്രെ.
കൊല്ലം സിറ്റി പൊലീസ് കമീഷണർ പി.കെ. മധു, എ.സി.പി വിദ്യാധരൻ എന്നിവർ സ്ഥലം സന്ദർശിച്ചു. പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. സംഭവസ്ഥലത്ത് കൂടുതൽ െപാലീസിനെ വിന്യസിച്ചു. അഖിൽജിത്തിെൻറ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഏക സഹോദരി: അഖില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.