കൊച്ചി: ഗുരുവായൂർ ദേവസ്വത്തിൽ മാനേജരടക്കം തസ്തികകളിലേക്ക് രണ്ടു മാസത്തിനകം സ്ഥാനക്കയറ്റം നടപ്പാക്കണമെന്ന് ഹൈകോടതി. ഇതിനുള്ള നടപടിക്രമങ്ങൾ ഡിപ്പാർട്മെന്റൽ പ്രമോഷൻ കമ്മിറ്റി (ഡി.പി.സി) ഉടൻ പൂർത്തിയാക്കണമെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനോട് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് വിജു എബ്രഹാം എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കഴിഞ്ഞ വർഷം സെപ്റ്റംബർ 26ന് നൽകിയ സ്ഥാനക്കയറ്റം താൽക്കാലികമാണെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
മൂന്ന് അസി.മാനേജർമാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് തീരുമാനമെടുക്കാൻ മാനേജിങ് കമ്മിറ്റിക്ക് നിർദേശം നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഫയൽ ചെയ്ത അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്. വാർഷിക രഹസ്യ റിപ്പോർട്ടിൽ പ്രതികൂല പരാമർശം ഉണ്ടായതിന്റെ പേരിൽ സ്ഥാനക്കയറ്റം തടഞ്ഞെന്നായിരുന്നു അസി. മാനേജർമാരായ കെ.എസ്. മായാദേവി, എം. രാധ, ബിന്ദുലത മേനോൻ തുടങ്ങിയവർ നൽകിയ ഹരജിയിലെ ആരോപണം. റിക്രൂട്ട്മെന്റ് ബോർഡിന്റെ അപ്പീൽ ഡിവിഷൻബെഞ്ച് തീർപ്പാക്കുകയും ദേവസ്വം മാനേജിങ് കമ്മിറ്റി മുൻ അഡ്മിനിസ്ട്രേറ്റർ നൽകിയ അപ്പീൽ തള്ളുകയും ചെയ്തു.
യോഗ്യതയും കഴിവും കണക്കിലെടുത്ത് നിയമിക്കുന്ന സെലക്ഷൻ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം റിക്രൂട്ട്മെന്റ് ബോർഡ് വഴിയാണ് നടത്തേണ്ടതെങ്കിലും സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനക്കയറ്റത്തിൽ ദേവസ്വം മാനേജിങ് കമ്മിറ്റിക്കാണ് അധികാരമെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഹരജിക്കാരുടെ കാര്യത്തിൽ പരാതി ഉയർന്ന വാർഷിക പ്രവർത്തന റിപ്പോർട്ട് കണക്കിലെടുക്കാതെ രണ്ടു മാസത്തിനകം പട്ടിക തയാറാക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.