ഗ്യാൻ വ്യാപി, ബാബരി, മെഹ്റോളി: ഭരണകൂട ഭീകരതയേക്കാൾ അപകടകരം നിശബ്ദഭീകരത -പി. മുജീബുറഹ്മാൻ

കോഴിക്കോട്: മുസ്‌ലിം സമൂഹത്തിന് നേരെ നിരന്തരമായി തുടരുന്ന വംശീയ നീക്കങ്ങൾക്കെതി​രെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുസ്‌ലിം സമുദായ നേതൃത്വവും പ്രതികരിക്കാത്തത് ഭരണകൂട ഭീകരതയേക്കാൾ അപകടകരമാണെന്ന് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അമീർ പി. മുജീബുറഹ്മാൻ. 500 വർഷം ആരാധന നിർവഹിച്ച ബാബരിമസ്ജിദിന്റെ ധ്വംസനം, 800വർഷം ആരാധന നിർവഹിച്ച ഡൽഹി മെഹ്റോളി മസ്ജിദ് ധ്വംസനം, 600 വർഷം ആരാധന നിർവഹിച്ച ഗ്യാൻ വ്യാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിക്കൊണ്ടുള്ള കോടതി വിധി, മധുര ശാഹി ഈദ് ഗാഹിന് മേലുള്ള അവകാശ വാദം തുടങ്ങിയ വിഷയങ്ങളിൽ കാണിക്കുന്ന നിരുത്തരവാദ സമീപനം വലിയ സാമൂഹ്യ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ന്യൂനപക്ഷങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുത്ത രാഷ്ട്രീയ- സമുദായ നേതാക്കളെല്ലാം ഈ പ്രതിസന്ധി നാളുകളിലും വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ കൂട്ടികിഴിക്കലുകളിൽ ഒരു ജനതയുടെ മൗലികാവകാശങ്ങളെ ബലികൊടുക്കുകയാണ്. ചിലരെങ്കിലും ശരിക്കും കഥയറിഞ്ഞ് മൃദുഹിന്ദുത്വ രാഷ്ട്രീയം കളിക്കുകയാണ്. മുസ്‌ലിംകൾ ജനാധിപത്യപരമായി സംഘടിക്കുന്നതിൽ പോലും വർഗീയ ചാപ്പ ചാർത്തുന്നവരെല്ലാമിപ്പോൾ മൗനവ്രതത്തിലാണ്. ഇത്തരം നിർണായക ഘട്ടങ്ങളിൽ തങ്ങളുടെ രാഷ്ട്രീയ ലാഭത്തെ മുൻനിർത്തി നിലപാട് സ്വീകരിക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ ജനാധിപത്യ മഹോൽസവങ്ങളിൽ സമുദായത്തിന്റെ സംരക്ഷക വേഷംകെട്ടി വീണ്ടും വെളുക്കെച്ചിരിച്ച് ഇവരെല്ലാം ഈ വ്രണിത സമുദായത്തെത്തേടി വരുമെന്നതാണ് വിരോധാഭാസം’ -മുജീബുറഹ്മാൻ പറഞ്ഞു.

വിദ്യാഭ്യാസവും രാഷ്ട്രീയ പ്രബുദ്ധതയുമുള്ള, ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ള പുതിയ തലമുറ വംശീയ ഭീകരതയുടെ ഈ കാലത്തെയും അഭിമുഖീകരിക്കുമെന്നും അവർ ഇതിനെ അതിജീവിക്കുമെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:

ഭരണകൂട ഭീകരതയേക്കാൾ അപകടകരം

ഈ നിശബ്ദഭീകരത

500 വർഷം ആരാധന നിർവഹിച്ച ബാബരിമസ്ജിദിന്റെ ധ്വംസനം, 800വർഷം ആരാധന നിർവഹിച്ച

ഡൽഹി മെഹ്റോളി മസ്ജിദ് ധ്വംസനം,

600 വർഷം ആരാധന നിർവഹിച്ച

ഗ്യാൻ വ്യാപി മസ്ജിദിൽ പൂജക്ക് അനുമതി

നൽകിക്കൊണ്ടുള്ള കോടതി വിധി, മധുര ശാഹി ഈദ് ഗാഹിന് മേലുള്ള അവകാശ വാദം…...

രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ

മുസ്‌ലിം സമൂഹത്തിന് നേരെ നിരന്തരമായി തുടരുന്ന ഇത്തരം വംശീയ നീക്കങ്ങളോട് ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുസ്‌ലിം സമുദായ നേതൃത്വവും കാണിക്കുന്ന നിരുത്തരവാദപരമായ സമീപനം വലിയ സാമൂഹ്യ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും.

ഈ രാജ്യത്ത് 1991ലെ ആരാധനാലയ നിയമമുണ്ട്. 1947ന് ശേഷം ഏതൊരു വിഭാഗത്തിന്റേയും ആരാധനാലയത്തിന് മേൽ ആർക്കും കൈവെക്കാനും കലാപക്കൊടി ഉയർത്താനും അവസരം നൽകാത്ത നിയമം. ആ നിയമത്തെ കാറ്റിൽ പറത്തുന്ന

നടപടികൾ നിയമവ്യവസ്ഥയുടെയും ഭരണകൂടത്തിന്റെയും ഭാഗത്ത് നിന്നാവുമ്പോൾ

വേലി തന്നെ വിള തിന്നുന്ന അവസ്ഥയാണ് രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നത്.

ഇത് രാജ്യത്തെ ഓരോ പൗരനും ഭരണഘടന അനുവദിച്ചു നൽകിയ അവകാശങ്ങൾക്ക് മേലുള്ള കയ്യേറ്റവും രാജ്യത്തെ പ്രബലമായൊരു ന്യൂനപക്ഷ സമൂഹത്തെയൊന്നാകെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന നടപടിയുമാണ്.

ന്യൂനപക്ഷങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുത്ത രാഷ്ട്രീയ- സമുദായ നേതാക്കളെല്ലാം ഈ പ്രതിസന്ധി നാളുകളിലും

വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ കൂട്ടികിഴിക്കലുകളിൽ ഒരു ജനതയുടെ

മൗലികാവകാശങ്ങളെ ബലികൊടുക്കുകയാണ്. ചിലരെങ്കിലും ശരിക്കും കഥയറിഞ്ഞ് മൃദുഹിന്ദുത്വ രാഷ്ട്രീയം കളിക്കുകയാണ്.

ജാതിസംഘടനകൾ ധാരാളമുള്ള രാജ്യത്ത്

മുസ്‌ലിംകൾ ജനാധിപത്യപരമായി സംഘടിക്കുന്നതിൽ പോലും വർഗീയ ചാപ്പ

ചാർത്തുന്നവരെല്ലാമിപ്പോൾ മൗനവ്രതത്തിലാണ്.

ഇത്തരം നിർണായക ഘട്ടങ്ങളിൽ തങ്ങളുടെ രാഷ്ട്രീയ ലാഭത്തെ മുൻനിർത്തി നിലപാട് സ്വീകരിക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ ജനാധിപത്യ മഹോൽസവങ്ങളിൽ സമുദായത്തിന്റെ സംരക്ഷക വേഷംകെട്ടി വീണ്ടും വെളുക്കെച്ചിരിച്ച് ഇവരെല്ലാം ഈ വ്രണിത സമുദായത്തെത്തേടി വരുമെന്നതാണ്

വിരോധാഭാസം.

അതേസമയം,

വിദ്യാഭ്യാസവും രാഷ്ട്രീയ പ്രബുദ്ധതയുമുള്ള ഒരു പുതിയ തലമുറ ഇവിടെ വളർന്ന് വരുന്നുണ്ട്. ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ള ഒരു ജനറേഷൻ. സംശയമില്ല, വംശീയ ഭീകരതയുടെ ഈ കാലത്തെയും

അവർ അഭിമുഖീകരിക്കും, അതിജീവിക്കും.

Tags:    
News Summary - Gyan Vyapi, Babri, Mehroli: Silent terrorism more dangerous than state terrorism -P. Mujeeburahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.