ഹാദിയ: മുസ്‌ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

മലപ്പുറം: ഹാദിയയക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തുണമെന്നും വീട്ടുതടങ്കലലില്‍ നിന്ന് മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനാ നേതാക്കള്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ടു. 

കേരള ഹൈക്കോടതി ഹാദിയയെ മാതാപിതാക്കളുടെ സംരക്ഷണത്തില്‍ വിട്ട ശേഷം ഫലത്തില്‍ അവര്‍ വീട്ടുതടങ്കലിലാണ്. കഠിനമായ പീഡനങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നതായി മാധ്യമപ്രവര്‍ത്തകരിലൂടെ മനസ്സിലായി. ഹാദിയക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ഇഷ്​ടമുള്ളിടത്ത് പോകാമെന്നും തടഞ്ഞുവെക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ച ശേഷവും പുറം ലോകവുമായി ബന്ധപ്പെടാനാകാതെ കഴിയുകയാണ്. മനോരോഗമോ മരണം വരെയോ സംഭവിക്കാന്‍ സാധ്യതയുള്ള മരുന്നുകള്‍ നല്‍കുന്നതായി മാധ്യമപ്രവര്‍ത്തകരുടെ വെളിപ്പെടുത്തലുകളില്‍ നിന്ന് മനസ്സിലാകുന്നു. മാതാപിതാക്കള്‍ക്ക് സംരക്ഷണ ബാധ്യതയല്ലാതെ തടവില്‍ വെക്കാനോ പീഡിപ്പിക്കാനോ ആരോഗ്യമോ, ജീവനോ അപകടപ്പെടുത്താനും അനുവാദമില്ല. ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരെ അയച്ച് ഉത്തരവാദപ്പെട്ട പോലീസ് ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ ഹാദിയയെ പരിശോധിപ്പിക്കുകയും റിപ്പോര്‍ട്ട് പൊതുജനസമക്ഷം സമര്‍പ്പിച്ച് ജനങ്ങളുടെ ആശങ്ക അകറ്റുകയും വേണമെന്നും മലപ്പുറത്ത് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. 

പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ), ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്‌ലാമി), എ.ഐ അബ്ദുല്‍മജീദ് സ്വലാഹി (കേരള നദ്‌വത്തുല്‍ മുജാഹിദീന്‍), പറപ്പൂര്‍ കുഞ്ഞിമുഹമ്മദ് മദനി (വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് വിഷന്‍), കെ.പി.എ മജീദ് (മുസ്‌ലിംലീഗ്), പി. ഉണ്ണീന്‍ (എം.എസ്.എസ്), കെ. മോയിന്‍കുട്ടി മാസ്റ്റര്‍, പി.എ ജബ്ബാര്‍ ഹാജി എളമരം തുടങ്ങിയവരാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. 
 

Tags:    
News Summary - hadiya: muslim leaders meet CM -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.