കോഴിക്കോട്: പാലക്കാട് സ്വദേശിനിയായ പത്താം ക്ലാസുകാരിയുടെ വയറ്റിൽനിന്ന് രണ്ടു കിലോ ഭാരമുള്ള ഭീമൻ മുടിക്കെട്ട് നീക്കം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചായിരുന്നു ഈ അത്യപൂർവ ശസ്ത്രക്രിയ. വിളർച്ചയും ഭക്ഷണം കഴിക്കാനുള്ള വിമുഖതയുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് സർജറി വിഭാഗം പ്രഫ. ഡോ. വൈ. ഷാജഹാന്റെ പക്കൽ കുട്ടി എത്തിയത്. സ്കാനിങ് നടത്തിയപ്പോൾതന്നെ ട്രൈക്കോ ബിസയർ എന്ന രോഗാവസ്ഥയാണെന്ന് സംശയം തോന്നിയെങ്കിലും എൻഡോസ്കോപ്പിയിലൂടെയാണ് ഈ രോഗം തന്നെയാണെന്ന് സ്ഥിരീകരിച്ചത്. അമിത ആകാംക്ഷയും അധിക സമ്മർദവുമുള്ള കുട്ടികളിലാണ് ഇത് കണ്ടുവരുന്നത്. പല കാലങ്ങളിലായി കടിക്കുകയും വിഴുങ്ങുകയും ചെയ്തിട്ടുള്ള തലമുടി ആമാശയത്തിനുള്ളിൽ കെട്ടുപിണഞ്ഞ് ആഹാര അംശവുമായി ചേർന്ന് ഒരു ഭീമൻ ട്യൂമറായി മാറുകയാണ് ചെയ്യുക. ഇത് ക്രമേണ ഭക്ഷണക്കുറവിലേക്കും വിളർച്ചയിലേക്കും തുടർന്ന് വളർച്ച മുരടിക്കുന്നതിലേക്കും നയിക്കുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നതുവരെ ഈ രോഗത്തെക്കുറിച്ച് കുട്ടിക്കോ മാതാപിതാക്കൾക്കോ ഒരു വിവരവും ഉണ്ടായിരുന്നില്ല. കുട്ടിയുടെ തലയിൽ പലയിടങ്ങളിലായി മുടി കൊഴിഞ്ഞതിന്റെ ലക്ഷണമുണ്ട്. അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് മുടി പുറത്തെടുത്തത്.
മുടിക്കെട്ടിന് ഏകദേശം രണ്ട് കിലോയിൽ കൂടുതൽ തൂക്കവും 30 സെന്റീമീറ്റർ നീളവും 15 സെന്റീമീറ്റർ വീതിയും ഉണ്ടായിരുന്നു. ആമാശയത്തിന്റെ അതേ ആകൃതിയിലാണ് മുടിക്കെട്ട് ഉണ്ടായിരുന്നത്. ശസ്ത്രക്രിയക്കുശേഷം കുട്ടി പൂർണ ആരോഗ്യവതിയായി ആശുപത്രിയിൽ തുടരുന്നു. സർജറി വിഭാഗം പ്രഫ. ഡോ. വൈ. ഷാജഹാന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ ഡോ. വൈശാഖ്, ഡോ. ജെറി, ഡോ. ജിതിൻ, ഡോ. അഞ്ജലി, അനസ്തീഷ്യ വിഭാഗം പ്രഫ. ഡോ. അബ്ദുല്ലത്തീഫ്, ബ്രദർ ജറോം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.