കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് കമ്മിറ്റി നടപടികൾ ൈവകിയത് അഞ്ചാംവർഷ അപേക്ഷകരായ തീർഥാടകർക്ക് പ്രയാസം സൃഷ്ടിക്കുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി നൽകിയ കേസിെൻറ അടിസ്ഥാനത്തിൽ 65നും 69നും ഇടയിൽ പ്രായമുള്ള അപേക്ഷകർക്ക് അവസരം നൽകാൻ സുപ്രീംകോടതി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, പാസ്പോർട്ട് സമർപ്പിക്കുന്നതിന് സൗദി അറേബ്യ ഏർപ്പെടുത്തിയ സമയപരിധി അവസാനിക്കുന്നതിെൻറ നാല് ദിവസം മുമ്പാണ് ഇവർക്ക് അവസരം നൽകി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ പുറപ്പെടുവിച്ചത്.
ഒരു മാസം മുമ്പുതന്നെ കോടതി നിർദേശമുണ്ടായിരുന്നെങ്കിലും നടപടികൾ വൈകിച്ചതാണ് തീർഥാടകർക്ക് തിരിച്ചടിയായത്. മാർച്ച് 13ന് കോടതി ഉത്തരവ് വന്നെങ്കിലും ഹജ്ജ് കമ്മിറ്റി വ്യാഴാഴ്ച വൈകീട്ടാണ് ഇവർക്ക് അവസരം നൽകി സർക്കുലർ ഇറക്കിയത്. ഒരു കവറിൽ ഒന്നിലധികം അപേക്ഷകരുണ്ടെങ്കിലും നിശ്ചിത പ്രായപരിധിക്കുള്ളിലുള്ളവർക്ക് മാത്രമേ അവസരം ലഭിക്കൂ. 70 വയസ്സിന് മുകളിലുള്ളവർക്ക് സഹായിയെ അനുവദിക്കുേമ്പാഴാണ് 65നും 69നും ഇടയിൽ പ്രായമുള്ളവരെ ഒറ്റക്ക് ഹജ്ജിന് അയക്കുന്നത്. ഇത്തരമൊരു നിബന്ധന ഏർപ്പെടുത്തിയതിനാൽ അഞ്ചാം വർഷക്കാരായ കൂടുതൽ പേർ യാത്ര റദ്ദാക്കുമെന്നാണ് ഹജ്ജ് കമ്മിറ്റി നിഗമനം. രാജ്യത്ത് ഒട്ടാകെ 1965 അപേക്ഷകരാണ് നിശ്ചിത പ്രായപരിധിക്കുള്ളിലെ അഞ്ചാം വർഷക്കാരുള്ളത്.
സൗദി പുതുതായി അനുവദിച്ച ക്വോട്ടയിൽനിന്ന് അഞ്ചാം വർഷക്കാർക്ക് അവസരം നൽകാനാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. കേരളത്തിൽ അഞ്ചാംവർഷ അപേക്ഷകരായി 1102 പേരുണ്ടെങ്കിലും പുതിയ ക്വോട്ടയിൽനിന്ന് ലഭിച്ചത് 299 സീറ്റുകൾ മാത്രമാണ്. ബാക്കിയുള്ളവർക്ക് സീറ്റുകൾ ഒഴിവ് വരുന്നതിന് അനുസരിച്ച് അവസരം നൽകാനാണ് നിർദേശം. കൂടാതെ, അഞ്ചാം വർഷക്കാരെ അസീസിയ കാറ്റഗറിയിലാണ് പരിഗണിക്കുകയെങ്കിലും ഹജ്ജ് വേളയിൽ താമസം മിനക്ക് പുറത്തായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.