ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍നിന്ന് ആരംഭിക്കുന്നതുവരെ  പ്രക്ഷോഭം –യു.ഡി.എഫ് പ്രതിഷേധ സംഗമം

കൊണ്ടോട്ടി: റണ്‍വേ നവീകരണത്തിന്‍െറ പേരില്‍ നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയ ഹജ്ജ് സര്‍വിസുകള്‍ കരിപ്പൂരില്‍നിന്ന് പുനരാരംഭിക്കുന്നത് വരെ പ്രക്ഷോഭം നടത്തുമെന്ന് യു.ഡി.എഫ് ജനപ്രതിനിധികളുടെ പ്രതിഷേധസംഗമം. കരിപ്പൂര്‍ വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് മൂന്ന് വരെ കരിപ്പൂരില്‍ പ്രതിഷേധസംഗമം സംഘടിപ്പിച്ചത്. 
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജനപ്രതിനിധികള്‍ പങ്കെടുത്തു. ഈ വര്‍ഷം കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വിസ് നടത്താമെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ വാക്ക് പാലിക്കണമെന്ന് ഉദ്ഘാടനം ചെയ്ത മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കരിപ്പൂരിനെ ഇത്തരത്തില്‍ തഴയുന്നതില്‍ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കണം. പ്രക്ഷോഭം മുഖവിലക്കെടുത്ത് കരിപ്പൂരില്‍ നിന്ന് സര്‍വിസിന് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയമസഭ കക്ഷി ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, സാദിഖലി ശിഹാബ് തങ്ങള്‍, എം.പിമാരായ എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, എം.എല്‍.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്ദുല്‍ ഹമീദ്, പി. ഉബൈദുല്ല, പി.കെ. അബ്ദുറബ്ബ്, അഡ്വ. എം. ഉമ്മര്‍, സി. മമ്മൂട്ടി, പി.കെ. ബഷീര്‍, ടി.എ. അഹമ്മദ് കബീര്‍, എന്‍. ഷംസുദ്ദീന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, പാറക്കല്‍ അബ്ദുല്ല, കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി. സിദ്ദീഖ്, മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍, എം.സി. മായിന്‍ ഹാജി, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി.എം.എ. സലാം, ഉമ്മര്‍ പാണ്ടികശാല, ജില്ല പഞ്ചായത്തംഗങ്ങളായ അഡ്വ. പി.വി. മനാഫ്, സറീന ഹസീബ്, എ.കെ. അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമാപനപ്രസംഗം വി.ടി. ബല്‍റാം എം.എല്‍.എ നിര്‍വഹിച്ചു. അഡ്വ. കെ.എന്‍.എ. ഖാദര്‍ സ്വാഗതം പറഞ്ഞു. 

Tags:    
News Summary - hajj 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.