ഹജ്ജ്: അപേക്ഷ ഫോറം വിതരണം തുടങ്ങി

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനുള്ള അപേക്ഷ ഫോറം വിതരണം ആരംഭിച്ചു. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.ടി. ജലീല്‍ അപേക്ഷ ഫോറം വിതരണത്തിന്‍െറയും ഹജ്ജ് പരിശീലകര്‍ക്കുള്ള ഒന്നാംഘട്ട പരിശീലനത്തിന്‍െറയും നവീകരിച്ച ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിന്‍െറയും ഉദ്ഘാടനം നിര്‍വഹിച്ചു. ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍ നിന്ന് പുനരാരംഭിക്കുന്നതിന് എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജ് കമ്മിറ്റിയംഗം കൂടിയായ വി. അബ്ദുറഹ്മാന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, എ.കെ. അബ്ദുറഹ്മാന്‍, ഡോ. ഇ.കെ. അഹമ്മദ് കുട്ടി, ശരീഫ് മണിയാട്ട്കുടി, സി.എച്ച്. മുഹമ്മദ് കുഞ്ഞി, കമ്മിറ്റി അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാന്‍, കോഓഡിനേറ്റര്‍ എന്‍.പി. ഷാജഹാന്‍ എന്നിവര്‍ സംബന്ധിച്ചു. 316 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്.

സര്‍വിസ് കരിപ്പൂര്‍ വഴിയാക്കാന്‍ മുഖ്യമന്ത്രിപ്രധാനമന്ത്രിക്ക് കത്തയക്കും –മന്ത്രി കെ.ടി. ജലീല്‍
കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസ് കരിപ്പൂര്‍ വഴിയാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. ഹജ്ജ് അപേക്ഷ ഫോറം വിതരണത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷം ഹജ്ജ് ഹൗസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വ്യോമയാനമന്ത്രിയെ ജനുവരി അവസാനം നേരില്‍ കണ്ട് വിഷയം ഉന്നയിക്കും.  കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിനായി പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മലപ്പുറം കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. തയ്യാറുള്ളവരില്‍ നിന്ന് ആദ്യം ഭൂമി ഏറ്റെടുക്കും. ഏറ്റെടുക്കുന്ന ഭൂമിയുടെ സ്വഭാവത്തിന് അനുസരിച്ച രീതിയിലാണ് വില നിശ്ചയിക്കുക. സമ്മര്‍ദം ചെലുത്തി ഭൂമി ഏറ്റെടുക്കില്ല. ഭൂമി വിട്ടുതരാന്‍ സന്നദ്ധമല്ലാത്തതാണ് നിലവിലെ പ്രശ്നം. ഇത് മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഹജ്ജ് ഹൗസിന്‍െറ നവീകരണത്തിനാവശ്യമായ തുക സര്‍ക്കാര്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - hajj application form

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.