ഹജ്ജ് യാത്ര: കരിപ്പൂരിൽ പകൽ​ക്കൊള്ള

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഹജ്ജ് യാത്രക്ക് ഇരട്ടിയോളം നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ അനിശ്ചിതത്വം തുടരുന്നു. പ്രശ്നത്തിൽ ഇതുവരെ പരിഹാരം കണ്ടെത്താനായിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട് വിവിധ തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കേരളത്തിലെ മറ്റു രണ്ട് വിമാനത്താവളങ്ങളിൽനിന്നുള്ള അതേ നിരക്കിലേക്ക് ഇതുവരെ എത്തിക്കാൻ സാധിച്ചിട്ടില്ല എന്നാണ് അറിയുന്നത്. ഇതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ വിവിധ സംഘടനകൾ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

കരിപ്പൂരിന് ഇരട്ടി ഭാരം

ഈ വർഷത്തെ ഹജ്ജ് സർവിസിനായി ഡിസംബർ 18നാണ് വ്യോമയാന മന്ത്രാലയം ടെൻഡർ ക്ഷണിച്ചത്. ഇതുപ്രകാരം കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് ടെൻഡർ സമർപ്പിച്ചത്. ഇത്, ഏറ്റവും ഉയർന്ന നിരക്കാണ്. കരിപ്പൂരിനെക്കാൾ ഉയർന്ന നിരക്ക് മറ്റു നാല് വിമാനത്താവളങ്ങളിൽ മാത്രം.

വഴിയെന്ത് ?

എയർ ഇന്ത്യ എക്സ്പ്രസ് നിരക്ക് കുറക്കുകയാണ് ഒരു വഴി. ഇന്ധന നിരക്കിൽ 22 ശതമാനം വർധന ഉണ്ടായെന്നും നിരക്ക് കുറക്കാൻ പരിമിതിയുണ്ടെന്നും മേഖലയിലുള്ളവർ പറയുന്നു.

റീടെൻഡർ ക്ഷണിക്കുക എന്നതാണ് രണ്ടാമത്തെ മാർഗം. അല്ലെങ്കിൽ കരിപ്പൂർ തെരഞ്ഞെടുത്തവർ കൊച്ചി വഴിയോ കണ്ണൂർ വഴിയോ യാത്ര ചെയ്യണം. ഇങ്ങനെ വന്നാൽ കരിപ്പൂരിന് ഹജ്ജ് ക്യാമ്പ് നഷ്ടപ്പെടും.

ശാശ്വത പരിഹാരം വലിയ വിമാനം

കരിപ്പൂരുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമായി എല്ലാവരും നിർദേശിക്കുന്നത് വലിയ വിമാന സർവിസ് പുനരാരംഭിക്കുക എന്നതാണ്. ഇതിന് സാങ്കേതികപരമായി തടസ്സമൊന്നും നിലവിലില്ല. 2020ലെ വിമാനാപകട പശ്ചാത്തലത്തിലാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

എന്നാൽ, ഇതിനുശേഷം അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് സർവിസ് പുനരാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകിയാൽ കരിപ്പൂരിൽനിന്ന് വലിയ വിമാന സർവിസ് പുനരാരംഭിക്കാം. സൗദിയ കരിപ്പൂരിൽനിന്ന്​ സർവിസ്​ പുനരാരംഭിക്കാൻ തയാറാണെന്ന് മേഖലയിൽ പ്രവർത്തിക്കുന്ന റവാബി ട്രാവൽസ് എം.ഡി സത്താർ ‘മാധ്യമ’ത്തോട് പറഞ്ഞു.

കരിപ്പൂർ സജ്ജം; പക്ഷേ, കേന്ദ്രം കനിയണം

വിമാനാപകട ശേഷം റൺവേ റീ കാർപെറ്റിങ്, സെന്റർ ലൈൻ ലൈറ്റിങ്, ടച്ച് ഡൗൺ സോൺ ലൈറ്റിങ്, റൺവേ വിഷ്വൽ റേഞ്ച് (ആർ.വി.ആർ) അടക്കം എല്ലാ സുരക്ഷ നിർദേശങ്ങളും കരിപ്പൂരിൽ നടപ്പാക്കിയതാണ്. റെസ നിർമാണത്തിനുള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുന്നുമുണ്ട്. റെസ നിർമാണം പൂർത്തിയാക്കിയാലേ വലിയ വിമാനം അനുവദിക്കൂ എന്ന കേന്ദ്ര സർക്കാർ നിലപാട് ദുർവാശിയാണ്. 

തീർഥാടകരെ എങ്ങനെ ബാധിക്കും?

കേരളത്തിലെ മറ്റു രണ്ടു വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന യാത്രക്കാർ 80,000ത്തോളം രൂപ അധികം നൽകണം. ഹജ്ജിന് ഒരു കവറിൽ പരമാവധി അഞ്ചുപേർക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്. ഇങ്ങനെ നോക്കുകയാണെങ്കിൽ നാല് ലക്ഷത്തോളം രൂപ അധിക ബാധ്യത വരും.

വിമാന വലുപ്പം: വ്യത്യാസം ഇങ്ങനെ

നിലവിലെ സാഹചര്യത്തിൽ വലിയ വിമാനവും ചെറിയ വിമാനവും ഉപയോഗിക്കുമ്പോൾ പ്രധാനമായി വ്യത്യാസം വരുന്നത് ഇന്ധന ഉപയോഗത്തിലും യാത്രക്കാരുടെ എണ്ണത്തിലും ആണ്. എയർ ഇന്ത്യ എക്സ്പ്രസ് നിലവിൽ ഉപയോഗിക്കുന്ന വിമാനം ബി 737-800 ആണ്.

കോഴിക്കോട് -ജിദ്ദ സെക്ടറിൽ അഞ്ചു മണിക്കൂർ ഈ വിമാനത്തിന് സർവിസ് നടത്താൻ വേണ്ടത് 16 ടൺ ഇന്ധനമാണ്. യാത്രക്കാരുടെ എണ്ണം 150 മുതൽ 180 വരെയും. അതേസമയം, സൗദിയ ഈ സെക്ടറിൽ ഉപയോഗിക്കുന്ന എ 330-300 വിമാനത്തിന് ആവശ്യമായത് 30 ടൺ ഇന്ധനമാണ്. എന്നാൽ, 250 മുതൽ 280 യാത്രക്കാരെ വരെ കൊണ്ടുപോകാൻ സാധിക്കും. അവർക്ക് സൗദിയിൽനിന്ന് കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭിക്കുന്നുമുണ്ട്.

88,772- കണ്ണൂർ (സൗദി എയർലൈൻസ് സമർപ്പിച്ച നിരക്ക്); കഴിഞ്ഞവർഷം 1,22,140രൂപ (എയർ ഇന്ത്യ എക്സ്പ്രസ്) 30,000 കുറഞ്ഞു

1,64,000- കോഴിക്കോട് ഹജ്ജ് യാത്ര നിരക്ക് ഇരട്ടിയിലേറെ (എയർ ഇന്ത്യ എക്സ്പ്രസ് സമർപ്പിച്ച നിരക്ക്); കഴിഞ്ഞവർഷം 1,20,490 രൂപ (എയർ ഇന്ത്യ എക്സ്പ്രസ്) 40,000 വർധിച്ചു

89,188- കൊച്ചി (സൗദി എയർലൈൻസ് സമർപ്പിച്ച നിരക്ക്); കഴിഞ്ഞവർഷം 1,21,275രൂപ (സൗദി എയർലൈൻസ്) 30,000 കുറഞ്ഞു

Tags:    
News Summary - Hajj-exploitation in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.