കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ പോകുന്ന തീർഥാടകർക്ക് അനുവദിക്കുന്ന ബാഗേജിന്റെ പരമാവധി ഭാരം 47 കിലോഗ്രാം. ഇതുസംബന്ധിച്ച സർക്കുലർ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു.
നേരത്തേ, 54 കിലോഗ്രാം വരെ അനുവദിച്ചിരുന്നു. 20 കിലോ ഭാരം ഉൾക്കൊള്ളുന്ന രണ്ട് ബാഗേജുകളും ഏഴ് കിലോ ഉൾക്കൊള്ളുന്ന ഹാൻഡ് ബാഗുമാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്. നിശ്ചിത വലിപ്പവും ആകൃതിയുമുള്ള ബാഗേജുകളാണ് യാത്രയിൽ ഉപയോഗിക്കേണ്ടത്.
പെട്ടി 75 സെൻറിമീറ്റർ നീളവും 55 സെൻറിമീറ്റർ വീതിയും 28 സെൻറിമീറ്റർ ഉയരവുമുള്ളവയാകണം. 55 സെൻറിമീറ്റർ നീളവും 40 സെൻറിമീറ്റർ വീതിയും 23 സെൻറിമീറ്റർ ഉയരവുമുള്ളതായിരിക്കണം ഹാൻഡ് ബാഗ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി നിഷ്‌കർഷിച്ച രീതിയിലുള്ള ബാഗേജ് അല്ലാത്തവ വിമാനത്താവളങ്ങളിൽ തടയും. ബാഗേജിൽ പേര്, കവർ നമ്പർ, വിലാസം, എംബാർക്കേഷൻ പോയൻറ് തുടങ്ങിയവ രേഖപ്പെടുത്താം.
വിമാനത്താവളങ്ങളിൽ ബാഗേജുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും നഷ്ടപ്പെട്ടാൽ കണ്ടെത്താനുമാണ് വിവരങ്ങൾ രേഖപ്പെടുത്തുന്നത്. കഴിഞ്ഞവർഷം ഏകീകൃത ബാഗേജ് സംവിധാനത്തിന്‍റെ ഭാഗമായി ഹജ്ജ് കമ്മിറ്റി തന്നെ ബാഗുകൾ വിതരണം ചെയ്തിരുന്നു.
ഇതിനെതിരെ ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് ഇത്തവണ ഒഴിവാക്കിയത്. കൂടാതെ, തീർഥാടകർ സംസം വെള്ളം സൗദിയിൽനിന്ന് മടങ്ങുന്ന സമയത്ത് കൈവശം കരുതേണ്ടതില്ല. ഓരോ തീർഥാടകർക്കും നാട്ടിൽ തിരിച്ചെത്തുന്ന സമയത്ത് വിമാനത്താവളങ്ങളിൽനിന്ന് വിമാനകമ്പനികൾ മുഖേന അഞ്ച് ലിറ്റർ വീതം സംസം വെള്ളം നൽകുമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഈ വർഷത്തെ ഹജ്ജ് സർവിസ് പുലർച്ചെയും രാവിലെയും വൈകീട്ടുമായിരിക്കും. നിലവിലുളള താൽക്കാലിക ഷെഡ്യൂൾ പ്രകാരം കരിപ്പൂരിൽ നിന്ന് 44 സർവിസുകളാണ് എയർഇന്ത്യ എക്സ്പ്രസ് തയാറാക്കിയിരിക്കുന്നത്. ഇപ്പോഴുളള ഷെഡ്യൂൾ പ്രകാരം പുലർച്ചെ 4.25, രാവിലെ 8.30, വൈകീട്ട് 6.35 എന്നിങ്ങനെയാണ് സർവിസ്.
കരിപ്പൂരിൽ ഇപ്പോൾ പകൽ സമയങ്ങളിൽ റീകാർപറ്റിങ് പ്രവൃത്തി നടക്കുന്നതിനാൽ രാവിലെ പത്ത് മുതൽ വൈകീട്ട് ആറ് വരെ സർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് പുറപ്പെടൽ കേന്ദ്രം കരിപ്പൂരിൽ ലഭിച്ചതിനാൽ റീകാർപറ്റിങ് പ്രവൃത്തി വേഗത്തിലാക്കാൻ നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ റീകാർപറ്റിങ് പ്രവൃത്തിയും റൺവേ സെന്‍റർ ലൈൻ ലൈറ്റുകൾ സ്ഥാപിക്കലും ഈ മാസത്തോടെ പൂർത്തിയാക്കാനാണ് ശ്രമം.
അടുത്ത മാസത്തോടെ റൺവേ മുഴുവൻ സമയം തുറന്ന് നൽകും. റീകാർപറ്റിങ് പ്രവൃത്തി അവസാനഘട്ടത്തിലാണ്. വിമാനകമ്പനി തയാറാക്കിയ ഷെഡ്യൂളിന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ സർവിസ് സമയക്രമം അന്തിമമാകും. ഓരോ വിമാനത്തിലും പരമാവധി 150 പേരാണ് ഉണ്ടാകുക. 300 തീർഥാടകർക്കാണ് ഒരു വളന്റിയറെ അനുവദിച്ചിരിക്കുന്നത്. ഒരു വളന്റിയർക്ക് രണ്ട് വിമാനത്തിലെ തീർഥാടകരുടെ ചുമതലയുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.