ഹമാസ് ഭീകരവാദി പരാമർശം: ശശി തരൂരിനെ തിരുത്തി സമദാനിയും എം.കെ. മുനീറും

കോഴിക്കോട്: ഹമാസ് ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തിയെന്ന ശശി തരൂർ എം.പിയുടെ പരാമർശം തിരുത്തി മുസ് ലിം ലീഗ് നേതാക്കൾ. ഇസ്രായേലിൽ ഒക്ടോബർ എഴിന് നടന്നത് ഭീകരാക്രമണമാണെന്നാണ് മുസ്‍ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ മനുഷ്യാവകാശ റാലിയിൽ മുഖ്യപ്രഭാഷണം നടത്തിയ തരൂർ പറഞ്ഞത്.

തരൂരിന് ശേഷം പ്രസംഗിച്ച അബ്ദുസമദ് സമദാനി എം.പിയും എം.കെ. മുനീർ എം.എൽ.എയും ഈ പരാമർശം തിരുത്തി. അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണ് ഫലസ്തീനികൾ നടത്തുന്നതെന്ന് അബ്ദുസമദ് സമദാനി ചൂണ്ടിക്കാട്ടി. പ്രതിരോധം ഭീകരവാദമല്ലെന്ന് എം.കെ. മുനീറും വ്യക്തമാക്കി.

ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തി 1400 വ്യക്തികളെ കൊന്നുവെന്നായിരുന്നു തരൂർ പറഞ്ഞത്​. 200 പേരെ അവർ ബന്ദികളാക്കി. അതിന്റെ മറുപടിയായി 6000 പേരെ കൊന്നു കഴിഞ്ഞിട്ടും ബോംബിടൽ നിർത്തിയിട്ടില്ല. ഇസ്രായേലിൽ ഭീകരവാദികൾ നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നപ്പോൾ ലോകം അപലപിച്ചതാണ്. അതേ രീതിയിൽ ഇസ്രായേൽ ബോംബിങ്ങിനെയും നാം അപലപിക്കുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു.

കണ്ണിനുപകരം കണ്ണ് എടുത്താൽ അന്ധകാരമാവും ഫലമെന്ന് ഗാന്ധിജി പറഞ്ഞു. പക്ഷേ, സമാധാനം കൊണ്ടുവരാൻ ആരും ശ്രമിക്കുന്നില്ല. ഭീകരവാദികളുടെ പ്രവർത്തനം രണ്ട് ഭാഗത്തുമുണ്ടായി. അതിന് മൃഗീയമായ പ്രതികരണമാണിപ്പോൾ കാണുന്നത്. ഭക്ഷണം, വെള്ളം വൈദ്യുതി, ഇന്ധനം എല്ലാം നിർത്തിവെച്ചു. നിരപരാധികളായ വ്യക്തികളും യുദ്ധം ചെയ്യാത്തവരും മരിക്കുന്നു. യുദ്ധനിയമങ്ങളെല്ലാം ലംഘിക്കുകയാണ്.

യുദ്ധം നിർത്തണം. പലർക്കും പല വാദവും പറയാനുണ്ടാവും. എന്നാലും ഏതു വാദത്തിനും ഇങ്ങനെ മനുഷ്യനെ കഷ്ടപ്പാടിലാക്കുന്നത് സമ്മതിക്കാനാവില്ല. ഇ​സ്രായേലിന്റെ ഫലസ്തീനിലെ ആക്രമണം ഉടൻ അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കണം. ഫലസ്തീൻ പ്രശ്നം മുസ്‍ലിംകളുടെമാത്രം കാര്യമല്ല. ഒരു ശതമാനം വരുന്ന ക്രിസ്ത്യാനികളും മരിച്ചുവീഴുന്നുണ്ട്. യുദ്ധത്തിന് മതമില്ലെന്നാണ് ക്രിസ്ത്യൻ മത അധ്യക്ഷൻതന്നെ പറഞ്ഞത്. ചർച്ചിനും ക്രിസ്ത്യൻ വിഭാഗം നടത്തുന്ന ആശുപത്രിക്കും ബോംബിട്ടു.

എല്ലാ അന്താരാഷ്ട്ര മാനുഷിക മര്യാദകളും ലംഘിക്കുകയാണ്. ലോകത്ത് ജൂതർ എത്തിയപ്പോൾ എതിർപ്പ് നേരിടാത്ത ഏക സ്ഥലം കേരളമാണ്. ഇസ്രായേൽ രൂപവത്കരണകാലത്ത് കേരളത്തിൽനിന്ന് അവിടേക്ക് കുടിയേറിയ ജൂതന്മാർക്ക് ഇവിടത്തെ സമാധാനവും സഹവർത്തിത്വവും അറിയാം. ഇപ്പോഴുള്ള ആക്രമണത്തിൽനിന്ന് ഇസ്രായേലിനെ തടയാൻ ഇവിടെനിന്ന് പോയവർക്കും പ്രവർത്തിക്കാനാവണം.

പ്രദേശത്ത് 15 കൊല്ലം കൊണ്ട് ഉണ്ടായതിനേക്കാൾ അധികം പേർ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണങ്ങളിൽ മരിച്ചുകഴിഞ്ഞു. 19 ദിവസമായി മനുഷ്യാവകാശങ്ങളുടെ ദുരന്തമാണ് കാണുന്നത്. ഗാന്ധിജിയും നെഹ്റുവും ഫലസ്തീനൊപ്പമായിരുന്നുവെന്നും പറഞ്ഞ തരൂർ ഫലസ്തീൻ കവി മഹ്മൂദ് ദർവീശിന്റെ സാധാരണക്കാരുടെ സങ്കടം പറയുന്ന കവിത ചൊല്ലിയാണ് പ്രസംഗം അവസാനിപ്പിച്ചത്.

Tags:    
News Summary - Hamas terrorist reference: Shashi Tharoor corrected by Abdul Samad Samadani and M.K. Muneer too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.