കൊച്ചി: കോളജ് അധ്യാപകന്റെ കൈ വെട്ടിയ കേസിൽ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന എസ്.ഡി.പി.ഐ പ്രവർത്തകൻ ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ടുവീട്ടിൽ എം.കെ. നാസറിന്റെ (56) ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ചും ജാമ്യം അനുവദിച്ചും ഹൈകോടതി ഉത്തരവ്.
മൂന്നാം പ്രതിയായ ഇയാൾ ഒമ്പത് വർഷമായി തടങ്കലിലാണെന്നതും സമാന കുറ്റം ചെയ്ത കൂട്ടുപ്രതികൾ അഞ്ച് വർഷം തടവുശിക്ഷയനുഭവിച്ച് മോചിതരായതും കണക്കിലെടുത്താണ് ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ശിക്ഷാവിധി സംബന്ധിച്ച് എൻ.ഐ.എയും പ്രതികളും സമർപ്പിച്ച അപ്പീലുകൾ ഹൈകോടതിയിൽ ദീർഘനാളായി ശേഷിക്കുകയാണെന്നതും വർഷങ്ങൾക്ക് ശേഷം കീഴടങ്ങിയ ഒന്നാം പ്രതി സവാദിന്റെ വിചാരണ തുടങ്ങിയിട്ടില്ലാത്തതിനാൽ തീർപ്പുകൾ വൈകാനിടയുണ്ടെന്നതും കോടതി പരിഗണിച്ചു. എൻ.ഐ.എ പ്രത്യേക കോടതി വിധിക്കെതിരെ നാസർ സമർപ്പിച്ച അപ്പീലിലാണ് ഉത്തരവ്.
2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി.ജെ. ജോസഫിനെതിരായ ആക്രമണം. കുറ്റകൃത്യം ആസൂത്രണം ചെയ്തതും മേൽനോട്ടം വഹിച്ചതും ആളുകളെ നിയോഗിച്ചതും നാസറാണെന്നാണ് ആരോപണം.
എൻ.ഐ.എ ഏറ്റെടുത്ത കേസിൽ 37 പേരെ പ്രതിചേർത്തിരുന്നു. ഇതിൽ ആറുപേർ ഒളിവിലായിരുന്നു. ആദ്യ വിചാരണയിൽ പ്രത്യേക കോടതി 13 പേർക്ക് ശിക്ഷ വിധിച്ചു. 18 പേരെ വെറുതെവിട്ടു. ഒളിവിൽപ്പോയ ശേഷം 2015 നവംബർ 11ന് കീഴടങ്ങിയ നാസറിനെ രണ്ടാംഘട്ടത്തിലാണ് വിചാരണ ചെയ്തത്. വിചാരണത്തടവുകാരനായും അല്ലാതെയും പ്രതി ഇപ്പോൾ ഒമ്പത് വർഷത്തിലധികം തടവ് അനുഭവിച്ചുകഴിഞ്ഞു. ജീവിക്കാനുള്ള മൗലികാവകാശം മുൻനിർത്തിയാണ് ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആൾജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. രാജ്യം വിടരുതെന്നും വിചാരണയിൽ ഇടപെടരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും ഹൈകോടതി നിർദേശിച്ചു. പ്രതിയുടെ ശിക്ഷ ഇനി അപ്പീലുകളിലെ തീർപ്പിന് വിധേയമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.