പാലാ ബിഷപ്പിന്‍റെ പ്രസംഗത്തെതുടർന്നുള്ള വിവാദങ്ങൾ കെട്ടടങ്ങൂം മുെമ്പ 'ലൗ ജിഹാദിന്‍റെ' വിവിധ ഘട്ടങ്ങൾ വിശദീകരിച്ച് താമരശ്ശേരി രൂപതയുടെ കൈപുസ്തകം. താമരശ്ശേരി രൂപതയുടെ കീഴിലുള്ള വിശ്വാസ പരിശീലന കേന്ദ്രം ഇടവകകളിൽ വിതരണം ചെയ്യാനായി പുറത്തിറക്കിയ 'സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളിലൂടെ' എന്ന കൈപുസ്തകമാണ് ലൗ ജിഹാദിെന്റ ഘട്ടങ്ങളും അതിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളും വിശദീകരിക്കുന്നത്.
പെൺകുട്ടികളെ വശീകരിക്കാനായി ഇസ്ലാം മത പുരോഹിതൻമാർ വഴി ആഭാചാരക്രിയകൾ നടക്കുന്നുണ്ടെന്നും കൈപുസ്തകത്തിൽ പറയുന്നു. ആഭിചാരക്രിയകളുടെ വിശദാംശങ്ങളും കൈപുസ്തകം വിശദീകരിക്കുന്നുണ്ട്. കൈ വിഷം അഥവാ ഒാതിക്കെട്ടൽ എന്നാണത്രെ ഇത്തരം ആഭിചാരക്രിയകൾക്ക് പറയുന്ന പേര്.
പെൺകുട്ടിയുടെ പേനയോ തൂവാലയോ തലമുടിയോ മറ്റെന്തെങ്കിലും വസ്തുക്കളോ സ്വന്തമാക്കിയോ പെൺകുട്ടിയുടെ പേരു പറഞ്ഞോ ഇങ്ങനെ ആഭിചാരം ചെയ്യാമത്രെ. ചരട്, നാണയം, മോതിരം, വെള്ളം, ഭക്ഷണപദാർത്ഥങ്ങൾ, സമ്മാനങ്ങൾ എന്നിവയൊക്കെ ഇങ്ങനെ ഒാതിക്കെട്ടാൻ ഉപയോഗിക്കുമെന്ന് കൈപുസ്തകം വിശദീകരിക്കുന്നു.
മോതിരം, നാണയം, ചരടുകൾ, മറ്റു സമ്മാനങ്ങൾ, ഒരുമിച്ചു കഴിക്കുന്ന ഭക്ഷണം എന്നിവയിലൂടെയൊക്കെ ഈ കൈവിഷ പ്രയോഗം സാധ്യമാണത്രെ. സാധാരണ സ്പർശനത്തിലുടെ കൈയിലോ ശരീരത്തിലോ തേക്കുന്ന ചിലതരം പൊടികളിലൂടെ വലിയൊരു വശീകരണ ലോകത്തേക്ക് എത്തിപ്പെടാമെന്ന മുന്നറിയിപ്പും കൈപുസ്തകം നൽകുന്നുണ്ട്.
ഒമ്പത് ഘട്ടങ്ങളിലൂടെയാണത്രെ ലൗ ജിഹാദ് നടപ്പാക്കുന്നത്. വശീകരണവും ലൈംഗിക ബന്ധവും വിവാഹവുമൊക്കെ ഇതിലെ വ്യത്യസ്ത ഘട്ടങ്ങളാണ്. പെരുന്നാളാഘോഷത്തിന് വീട്ടിലേക്ക് വിളിക്കുന്നത് പോലും ഗൂഡമായ ലൗ ജിഹാദിന്‍റെ ഭാഗമാണെന്ന വിവരവും കൈപുസ്തകത്തിലൂടെ വിശ്വാസികൾക്കായി നൽകുന്നുണ്ട്.
പ്രണയകുരുക്കിന്‍റെ വല ഇത്ര ഭീകരമാണെങ്കിലും അതിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗവും കൈപുസ്തകം വിശദീകരിക്കുന്നുണ്ട്. ബന്ധന പ്രാർഥനകളിലൂടെയും പരിഹാരമരുന്നുകളിലൂടെയും ഇതെല്ലാം മറികടക്കാനാകും. അഭിവന്ദ്യ പിതാക്കൻമാർക്കും പിതാക്കൻമാർ നിശ്ചയിച്ച് അധികാരം നൽകിയ വൈദികർക്കും ഇതിനെയെല്ലാം ബന്ധന പ്രാർഥനയിലൂടെ തടഞ്ഞു നിർത്താനാകും. ഇനി ഭക്ഷണത്തിലുടെ കൈവിഷം തന്നതാണെങ്കിൽ അതിനായി ചില പ്രകൃതിദത്ത മരുന്നുകളുണ്ടത്രെ. ആ മരുന്നുകൾ ഉപയോഗിച്ച് കൈവിഷം പുറത്തു കളയാമെന്ന ആശ്വാസവും കൈപുസതകം വിശ്വാസികൾക്കായി പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.