പേരാമ്പ്ര (കോഴിക്കോട്): വികലാംഗ പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് ചക്കിട്ടപാറയിൽ വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ. പെൻഷൻ കിട്ടാത്തതുകൊണ്ടാണ് ആത്മഹത്യയെന്ന് പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വീടിനുള്ളിൽ തൂങ്ങിമരിച്ച മുതുകാട് വളയത്ത് ജോസഫ് (പാപ്പച്ചൻ -77) മുമ്പും ആത്മഹത്യ ഭീഷണി മുഴക്കിയിട്ടുള്ളയാളാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അതേസമയം, ജോസഫിന്റെ മരണത്തിനുത്തരവാദി സർക്കാറാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
ജോസഫിന് അഞ്ചുമാസമായി വികലാംഗ പെൻഷൻ ലഭിച്ചിരുന്നില്ല. കഴിഞ്ഞവർഷം നവംബർ ആദ്യവാരം ചക്കിട്ടപാറ പഞ്ചായത്ത് ഓഫിസിലെത്തി പെൻഷനില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്നു കാണിച്ച് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.ഇദ്ദേഹവും ഓട്ടിസം ബാധിച്ച മൂത്ത മകൾ ജിൻസിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവർക്കും കിട്ടുന്ന പെൻഷൻകൊണ്ടാണ് ജീവിതം മുന്നോട്ടുപോയിരുന്നതെന്ന് സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നുണ്ട്.
പെൻഷൻ മുടങ്ങിയതോടെ പലരിൽനിന്നും കടം വാങ്ങിയാണ് നിത്യച്ചെലവ് നിർവഹിച്ചതെന്നും കത്തിലുണ്ട്. 15 ദിവസത്തിനുള്ളിൽ പെൻഷൻ ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. അസുഖബാധിതയായ മകളെ കോഴിക്കോട് ആശ്രയ കേന്ദ്രത്തിലാക്കിയാണ് ജോസഫ് ആത്മഹത്യ ചെയ്തത്. മുതുകാട് ഇദ്ദേഹം താമസിക്കുന്നത് ദുർഘടമായ പ്രദേശത്താണ്. അവിടെനിന്ന് ഊന്നുവടിയുടെ സഹായത്തോടെ ഏറെ പ്രയാസപ്പെട്ടാണ് പെൻഷനുവേണ്ടി ചക്കിട്ടപാറ പഞ്ചായത്ത് ഓഫിസിൽ എത്തിയിരുന്നത്. ആത്മഹത്യ ഭീഷണി ഉയർത്തിയ നോട്ടീസ് പഞ്ചായത്ത് സെക്രട്ടറിക്കുപുറമെ പെരുവണ്ണാമൂഴി പൊലീസിനും നൽകിയിരുന്നു. കഴിഞ്ഞദിവസവും മുതുകാട് ടൗണിലെത്തി പെൻഷൻ കിട്ടാതെ ജീവിക്കാൻ നിർവാഹമില്ലെന്നും ആത്മഹത്യചെയ്യുമെന്നും അറിയിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.
മൃതദേഹം പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: പരേതയായ ഏലിയമ്മ. മറ്റുമക്കൾ: ആൻസി, റിൻസി. മരുമക്കൾ: മാത്യു എളാട്ടുകുന്നേൽ (വിലങ്ങാട് ), ജോസഫ് ഔസേപ്പ്പറമ്പിൽ (പശുക്കടവ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.