അംഗപരിമിതര്‍ക്കായി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്ആദ്യഘട്ടത്തില്‍ ഒരു ലക്ഷം പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ അംഗപരിമിതര്‍ക്കായി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ തീരുമാനം. അന്ധത, കാഴ്ചവൈകല്യം, കുഷ്ഠരോഗം ചികിത്സിച്ച് മാറിയവര്‍, കേള്‍വി പ്രശ്നമുള്ളവര്‍, ചലനവൈകല്യം, ബുദ്ധിമാന്ദ്യം, മനോരോഗങ്ങള്‍ എന്നീ വിഭാഗത്തില്‍പെട്ട ഒരുലക്ഷം പേര്‍ക്കാണ് ആദ്യഘട്ടമെന്നനിലയില്‍ പരിരക്ഷ ഏര്‍പ്പെടുത്തുക. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ‘സ്വാവലംബന്‍’ പദ്ധതി പ്രകാരമാണ് നടപ്പാക്കുക. പ്രതിവര്‍ഷം പരമാവധി രണ്ടുലക്ഷമായിരിക്കും പരിരക്ഷ. 3.57 കോടിയാണ് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അടയ്ക്കുക. സംസ്ഥാന സാമൂഹികനീതി വകുപ്പിന് വേണ്ടി കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനാണ് പദ്ധതി ഏകോപനം ചെയ്യുകയെന്ന് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദാരിദ്ര്യരേഖക്ക് താഴെയുള്ളവരും അംഗപരിമിത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ വിവാഹിതരാണെങ്കില്‍ അപേക്ഷകരെ കൂടാതെ ഭാര്യ/ ഭര്‍ത്താവ്, മൂന്നുമാസത്തിനും 25 നും ഇടയില്‍ പ്രായമുള്ള ആശ്രിതരായ രണ്ടു കുട്ടികള്‍ എന്നിവര്‍ക്കും പരിരക്ഷ ലഭിക്കും. മാനസിക വെല്ലുവിളികള്‍ നേരിടുന്ന മക്കള്‍ക്കും മാതാപിതാക്കളെ ആശ്രയിച്ച് കഴിയുന്ന അവിവാഹിതരായ പെണ്‍മക്കള്‍ക്കും പായപരിധി ഇല്ല. 18 വയസ്സിന് മുകളിലുള്ള അവിവാഹിതരായ അംഗപരിമിതരാണ് അപേക്ഷകരെങ്കില്‍ ആ വ്യക്തിക്കുമാത്രമായിരിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ.
അപേക്ഷകര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെങ്കില്‍ അപേക്ഷകരെക്കൂടാതെ മാതാപിതാക്കള്‍ അല്ളെങ്കില്‍ നിയമപരമായ സംരക്ഷകന്‍ എന്നിവര്‍കൂടി പരിരക്ഷക്ക് അര്‍ഹരായിരിക്കും.

നിര്‍ദിഷ്ട ഫോറത്തില്‍ ഇതിനായി അപേക്ഷകള്‍ നല്‍കണം. തിരിച്ചറിയല്‍ രേഖയായി വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ ഏതെങ്കിലും ഒന്നിന്‍െറ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, ബി.പി.എല്‍/പ്രയോറിറ്റി കാറ്റഗറി/എ.എ.വൈ തെളിയിക്കുന്ന റേഷന്‍ കാര്‍ഡിന്‍െറ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി എന്നിവ സഹിതം സമര്‍പ്പിക്കണം.

താമസ പരിധിയില്‍ വരുന്ന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍െറയും സാമൂഹികനീതി വകുപ്പിന്‍െറയും സൈറ്റുകളില്‍നിന്ന് അപേക്ഷ ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഫോറത്തിന്‍െറ ഫോട്ടോകോപ്പിയും ഉപയോഗിക്കാം. മാര്‍ച്ച് രണ്ടു മുതല്‍ മാര്‍ച്ച് നാലുവരെ ഇതിനുള്ള അപേക്ഷകള്‍ സംസ്ഥാനത്തെ എല്ലാ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസുകളിലും പ്രവൃത്തിസമയത്ത് സ്വീകരിക്കും. ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ നേരിട്ട് ഗുണഭോക്താക്കള്‍ക്ക് അയച്ച് നല്‍കും.

Tags:    
News Summary - handicapped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.