കൊടുങ്ങല്ലൂർ: വാഹനമിടിച്ച് മരിച്ച ഗർഭിണിയായ ആ അമ്മ പൂച്ചയോടൊപ്പം നാല് മക്കളും തീരേണ്ടതായിരുന്നു. എന്നാൽ, ദൈവദൂതനെ പോലെ മതിലകം തൃപ്പേക്കുളത്തെ ഹരി എന്ന ഹരിദാസൻ തക്കസമയത്ത് സ്ഥലത്തെത്തി. മരിച്ച തള്ളപ്പൂച്ചയുടെ വയർ ഒരു ഡോക്ടറുടെ വൈദഗ്ധ്യത്തോടെ കീറിയ അദ്ദേഹം കുഞ്ഞുങ്ങളെ പുറത്തെടുത്ത് ജീവന്‍റെ തുടിപ്പ് നിലനിർത്തി.
വാഹനയാത്രക്കാർ പൊതുവെ ചെയ്യുന്നതു പോലെ റോഡിൽ കിടക്കുന്ന ചത്ത പൂച്ചയെ ഗൗനിക്കാതെ ഹരിക്കും കടന്നുപോകാമായിരുന്നു. പക്ഷെ ഹരിദാസൻ ചിന്തിച്ചത് അങ്ങനെയായിരുന്നില്ല. വനം വകുപ്പിൽ താൽക്കാലിക ജീവനക്കാരനും പാമ്പ്പിടിത്തക്കാരനുമായ ഹരി പതിവില്ലാത്ത വിധം വെള്ളിയാഴ്ച ഒമ്പത് പാമ്പുകളെയാണ് പിടികൂടിയത്. എട്ടാമത്തെ പാമ്പിനെ പിടിച്ച് കൊടുങ്ങല്ലൂർ പുല്ലൂറ്റ് നിന്ന് രാത്രി 10.30 ഓടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് എസ്.എൻ.പുരം 25ാം കല്ലിൽ ഒരു വെള്ളപൂച്ച വാഹനമിടിച്ച് ചത്ത് കിടക്കുന്നത് കണ്ടത്.
ബൈക്ക് നിർത്തി നോക്കിയപ്പോൾ ചത്ത പൂച്ചയുടെ ഉദരഭാഗം മിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പൂച്ച ഗർഭിണിയാണെന്ന് മനസിലായി ഹരിദാസന്‍റെ ഹൃദയവും ഗർഭസ്ഥ ശിശുക്കള രക്ഷിക്കാനായി തുടിച്ചു. സമീപവാസിയായ ഒരാൾ ബ്ലേഡ് വാങ്ങി കൊടുത്തു. തുടർന്ന് ശാസ്ത്രക്രിയ വിദഗ്ധനെപോലെ പൂച്ച കുഞ്ഞുങ്ങളുടെ മിടിപ്പു നോക്കി തള്ള പൂച്ചയുടെ വയറ് കീറി നാല് കുഞ്ഞുങ്ങളെയും ഓരോന്നായി പുറത്തെടുത്തു. ബാഗിലുണ്ടായിരുന്ന തുണി കഷണം കീറി കുഞ്ഞുങ്ങളെ വൃത്തിയാക്കി പൊതിഞ്ഞു. തള്ള പൂച്ചയെ സമീപത്ത് മറമാടിയ ശേഷം നവജാത ശിശുക്കൾക്ക് നൽകുന്ന ഭക്ഷ്യയിനം വാങ്ങി നൽകി.
ഇതിനിടെ എറിയാട് ഒരിടത്ത് പാമ്പ് ഭീതിയുടെ മറ്റൊരു ഫോൺ കോളെത്തി. ഉടൻ എറിയാടേക്ക് തിരിച്ചു. ഒൻപതാമത്തെ പാമ്പിനെ അവിടെ നിന്നും പിടികൂടിയ ശേഷം നേരേ വീട്ടിലെത്തി. വീട്ടിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള സംവിധാനം ഒരുക്കി. ചുണ്ടിൽ വെള്ളം ഇറ്റിച്ചുനൽകി പുലർച്ചെ വരെ കാവലിരുന്നു. ശനിയാഴ്ച ഉച്ചയോടെ പുച്ച കുഞ്ഞുങ്ങൾ അനങ്ങാൻ തുടങ്ങിയതോടെയാണ് ഹരിദാസിന് ആശ്വാസമായത്.
അമ്മയിലാത്ത കുഞ്ഞുങ്ങളെ പരിചരിച്ച് രക്ഷിച്ചെടുക്കാൻ ഇനിയുമേറെ ദിവസങ്ങൾ വേണ്ടിവരും. അത് വരെ ഹരിയും കൂടെ വേണ്ടി വരുമെന്നതാണ് അവസ്ഥ. കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ പരമാവധി ശ്രമിക്കുമെന്ന് ഹരിദാസൻ പറഞ്ഞു. സംഭവം അറിഞ്ഞതോടെ ഈ യുവാവിനെ തേടി അഭിനന്ദന പ്രവാഹമാണ്. ഒരു ജീവൻ പോലും പൊലിയാതിരിക്കാൻ എല്ലാവരും ഡ്രൈവിങ്ങിൽ പരമാവധി ശ്രദ്ധ പുലർത്തണമെന്നതാണ് അഭിനന്ദനത്തെക്കാൾ താൻ ആഗ്രഹിക്കുന്നതെന്ന് ഹരി 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.