കോഴിക്കോട്: പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. 'ഹരിത' സംസ്ഥാന കമ്മിറ്റിയുടെ 'വിധി' പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതിക്ക് അധികം ചർച്ച വേണ്ടി വന്നില്ല. നേതൃതലത്തിൽ നേരത്തെതന്നെ തീരുമാനിച്ചുറച്ചത് സമിതിയുടെ തീരുമാനമായി പ്രഖ്യാപിച്ചെന്ന് മാത്രം. ഹരിത ഭാരവാഹികളും ഈ 'ദയാ വധം' പ്രതീക്ഷിച്ചിരുന്നു. അച്ചടക്കലംഘനമാണെന്ന് ബോധ്യമുണ്ടായിട്ടും വനിത കമീഷനിൽ നൽകിയ പരാതിയിൽ ഉറച്ചുനിന്നത് ആത്മാഭിമാനം പണയം വെക്കാനില്ലെന്ന ഉറച്ച നിലപാടോടെയായിരുന്നു.
ഹരിത പ്രശ്നത്തിൽ ലീഗ് നേതൃത്വത്തിന് മുന്നിൽ രണ്ട് വഴികളാണുണ്ടായിരുന്നത്. ഒന്നുകിൽ സ്ത്രീവിരുദ്ധതയെന്ന ആരോപണത്തിന് തടയിടാൻ ഹരിത ഭാരവാഹികളെ അനുനയിപ്പിച്ച് വനിത കമീഷനിൽ നൽകിയ പരാതി പിൻവലിക്കുക.
അല്ലെങ്കിൽ ഹരിതക്കെതിരെ നടപടിയെടുക്കുക. ഇ.ടി. മുഹമ്മദ് ബഷീറിെൻറയും എം.കെ. മുനീറിെൻറയും അനുനയശ്രമം പരാജയപ്പെട്ടതോടെ പല കോണുകളിലൂടെ സമ്മർദം ചെലുത്തിയിട്ടും വഴങ്ങാത്ത സാഹചര്യത്തിലാണ് അച്ചടക്ക വാളുമായി നേരിട്ടത്. ഭാരവാഹികൾക്കെതിരെ നടപടി എടുക്കുന്നതിന് പകരം കാലാവധി കഴിഞ്ഞ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനിച്ചതിലൂടെ അധികം പഴികേൾക്കേണ്ടി വരില്ലെന്ന് നേതൃത്വം വിലയിരുത്തി.
കാമ്പസുകൾ അടഞ്ഞുകിടക്കുന്നതിനാൽ പരസ്യ പ്രതിഷേധമുണ്ടാകില്ലെന്നതും അനുകൂലമായി. നേതൃത്വത്തിെൻറ നിർദേശം തള്ളിയവർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ അച്ചടക്കത്തിന് വിലയുണ്ടാകില്ലെന്ന നിലപാടാണ് സമിതിയിൽ നേതാക്കൾ ഏകകണ്ഠമായി സ്വീകരിച്ചത്. അതേസമയം, സ്ത്രീവിരുദ്ധ പരാമർശം സംബന്ധിച്ച ഹരിതയുടെ പരാതിയിൽ എം.എസ്.എഫ് ഭാരവാഹികൾക്കെതിരെ നടപടിയെടുക്കാത്തതിന് വ്യക്തമായ വിശദീകരണം നൽകാൻ ലീഗ് നേതൃത്വത്തിന് കഴിയുന്നില്ല. തങ്ങളുടെ വരുതിയിൽ നിൽക്കുന്ന നേതൃത്വത്തെ പ്രതിഷ്ഠിക്കുകയാണ് പാർട്ടിയുടെ അടുത്ത നടപടി. നേരത്തെ മലപ്പുറം ജില്ല കമ്മിറ്റി രൂപവത്കരിച്ചപ്പോൾ ഹരിത സംസ്ഥാന കമ്മിറ്റിയെ അവഗണിച്ച് ഭാരവാഹികളെ തെരഞ്ഞെടുത്തതാണ് ഹരിത-എം.എസ്.എഫ് പോരിെൻറ തുടക്കം. ലീഗ് ഉന്നതാധികാര സമിതി അംഗവും മലപ്പുറം ജില്ല പ്രസിഡൻറുമായ പാണക്കാട് സാദിഖലി തങ്ങളുടെ ആശീർവാദത്തോടെയായിരുന്നു ഇത്. ഇനി സംസ്ഥാന കമ്മിറ്റിയും പാർട്ടിയുടെ അധീനതയിലാകും.
ലീഗ് നടപടിയോട് പ്രതിഷേധമുള്ള ഹരിത ഭാരവാഹികളിലും പ്രവർത്തകരിലും പുതിയ സന്നദ്ധ സംഘടന രൂപവത്കരിക്കാനുള്ള ചർച്ച നടക്കുന്നുണ്ട്. ഇതിനെ അതിജയിക്കാൻ എം.എസ്.എഫും കോപ്പുകൂട്ടുന്നുണ്ട്. യൂനിവേഴ്സിറ്റി കാമ്പസിലെ പുതിയ എം.എസ്.എഫ് കമ്മിറ്റിയിൽ വനിത പ്രാതിനിധ്യം കൂട്ടിയത് ഇതിെൻറ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.