ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹരജി വെള്ളിയാഴ്ച പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. വിഷയത്തിൽ കോടതി ദിലീപിനോട് വിശദീകരണം തേടിയിട്ടുണ്ട്.

കേസിലെ നിർണായക സാക്ഷിയെ ദിലീപ് അഭിഭാഷകൻ മുഖേന സ്വാധീനിക്കാൻ ശ്രമിച്ചതായാണ് പ്രോസിക്യൂഷന്‍റെ ആരോപണം. ഇതിന്‍റെ തെളിവുകളും പ്രോസിക്യൂഷന്‍റെ പക്കലുണ്ടെന്നാണ് സൂചന. ദിലീപും പൾസർ സുനിയും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ടെന്നിസ് ക്ലബിലെ ജീവനക്കാരനെ കൂറുമാറ്റാൻ ദിലീപ് ശ്രമിച്ചു. കേസിൽ നേരത്തെ ഒന്നുരണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു പ്രധാന സാക്ഷിയെ കൂടി ദിലീപ് സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നാണ് അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നതടക്കം ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ ഈ ഉപാധികള്‍ നടന്‍ ലംഘിച്ചെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആരോപണം.

കേസിൽ നടനും എം.എൽ.എയുമായ മുകേഷ് ഇന്ന് ഹാജരായിട്ടുണ്ട്. മുകേഷിന്‍റെ ഡ്രൈവറായിരുന്ന പൾസർ സുനി പിന്നീടാണ് ദിലീപുമായി അടുക്കുന്നത്. പ്രോസിക്യൂഷൻ വിസ്താരമാണ് ഇന്ന് നടക്കുന്നത്. ആക്രമിക്കപ്പെട്ട നടിയടക്കം 44 സാക്ഷികളുടെ വിസ്താരം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.