പത്തനംതിട്ട: ജില്ലയിൽ സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നു. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള വീട്ടമ്മമാരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പിന് ഏറെയും ഇരയാകുന്നത്. സ്വന്തം നിലയിൽ വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഓൺലൈൻ മുഖേന ജോലി തേടുന്നവരെയാണ് തട്ടിപ്പുകാർ ഏറെയും ലക്ഷ്യമിടുന്നത്. ഏറ്റവുമൊടിവിൽ ടെലഗ്രാം എന്ന സമൂഹമാധ്യമത്തിലൂടെ നടന്ന തട്ടിപ്പിനിരയായത് യുവതികളാണ്.
നിക്ഷേപമില്ലാതെ വരുമാനം കണ്ടെത്താം എന്ന പേരിൽ ഓൺലൈനായി യുവതികളിലൊരാൾക്കു വന്ന സന്ദേശമാണ് നിരവധിപേരെ തട്ടിപ്പിന് ഇരയാക്കിയത്. സന്ദേശത്തിൽ നൽകിയിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ‘കാരൻ’ എന്ന ടെലഗ്രാം ചാനലിലേക്ക് പോകുകയും യുവതി അതിൽ ജോയിൻ ചെയ്യുകയും ചെയ്തു.
ഒപ്പം കൂട്ടുകാരിയായ യുവതിക്കും ഈ ലിങ്ക് ഷെയർ ചെയ്തു കൊടുത്തു. പിന്നാലെ തട്ടിപ്പിന്റെ വലയിലേക്ക് കൂടുതൽ പേരെത്തി. തട്ടിപ്പുലോകവുമായി പ്രത്യക്ഷപ്പെട്ടവർ ഇതോടെ സജീവവുമായി. തട്ടിപ്പിനൊടുവിൽ പങ്കെടുത്തവർക്ക് നഷ്ടപ്പെട്ടത് വൻ തുകയാണ്.
ഇതുസംബന്ധിച്ച് സൈബർ പൊലീസിൽ ലഭിച്ച പരാതികളിലും തുടർ അന്വേഷണം മുടങ്ങിയ നിലയിലാണ്. തട്ടിപ്പു നടത്തിയ സംഘങ്ങൾ വിദേശത്ത് ഇരുന്നാണ് സംവിധാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്നതെന്നതാണ് ഇതിനു പ്രധാന കാരണം.
ജോലി പ്രതീക്ഷിച്ചിരുന്നവർക്ക് ഷെയർ ചെയ്ത് എത്തിയ ലിങ്കിലൂടെ പ്രവേശിച്ച യുട്യൂബ് ചാനലാണ് തട്ടിപ്പിനു വഴിയൊരുക്കിയത്. യുട്യൂബ് ചാനലിൽ വന്ന പോസ്റ്റുകൾ നൽകിയ നിർദേശം പാലിച്ച് അത് ഓപ്പൺ ചെയ്ത് വിഡിയോ ലൈക് ചെയ്തതിന്റെ സ്ക്രീൻഷോട്ട് എടുത്തു ചെയ്തവർക്ക് പണം നഷ്ടപ്പെടുകയായിരുന്നു.
നിക്ഷേപത്തിലൂടെ അധികവരുമാനം പ്രതീക്ഷിച്ച് രജിസ്റ്റർ ചെയ്തവർക്ക് ആകർഷണീയമായ ടാസ്ക്കുകൾ നൽകിയാണ് തട്ടിപ്പുസംഘം നീങ്ങിയത്. നാലാമത്തെ ടാസ്ക്കിലൂടെ 1,000 രൂപ ട്രാൻസ്ഫർ ചെയ്തു നൽകിയപ്പോൾ തിരികെ 1,300 രൂപ ലഭിച്ചതോടെ ആവേശമായി. വീണ്ടും ആവേശം പകരുന്ന തരത്തിൽ ടാസ്ക്കുകൾഎത്തി. കൂടുതൽ പണം കിട്ടുമെന്നായതോടെ മത്സരാർഥികൾക്ക് ആവേശമായി.
പിന്നീട് ട്യൂട്ടർമാർ കളം ഏറ്റെടുത്തു. ഇതോടെ ആദ്യമൊക്കെ നിക്ഷേപം ഇരട്ടിയായി വന്നതോടെ എല്ലാവരും ചാനലിൽ തുടർന്നു. ടാസ്ക്കുകൾ ഒന്നൊന്നായി പൂർത്തീകരിച്ച് പലരും മുന്നേറുന്നതിനിടെ കളം മാറി. ഭീമമായ തുക ഓരോരുത്തരോടും ടാസ്ക്കിലൂടെ ആവശ്യപ്പെട്ടു. ഇരട്ടിപ്പണം എന്ന ആവേശത്തിൽ പലരും നിക്ഷേപിച്ചതോടെ രംഗം വഴിമാറി.
കൂടുതൽ തുക നിക്ഷേപിച്ചാൽ മാത്രമേ ഇതേവരെ നിക്ഷേപിച്ച തുക കൈമാറൂ എന്നായി ട്യൂട്ടർമാർ. ഇതിനു ടാസ്കിൽ പങ്കെടുത്തവർ തയാറാകാതിരുന്നതോടെ ടെലിഗ്രാമിൽ ഭീഷണി സന്ദേശങ്ങൾ വന്നു. ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യും ഹാക്ക് ചെയ്തു അക്കൗണ്ടിലെ പണമെടുക്കും എന്നായിരുന്നു ഭീഷണി.
ഇതോടെ ഭയന്ന വീട്ടമ്മമാർ ടെലിഗ്രാം ചാനലിൽനിന്ന് പുറത്തു കടക്കുകയുംചെയ്തു. ട്യൂട്ടർ എന്ന നിലയിൽ സന്ദേശം അയച്ച ആളെയും ബ്ലോക്ക് ആക്കി. ഒരു യുവതിക്ക് ഈ തട്ടിപ്പിൽ നഷ്ടപ്പെട്ടത് 83,000 രൂപയെങ്കിൽ മറ്റൊരാൾക്ക് 1,78,000 രൂപയാണ്. സ്വർണാഭരണങ്ങളും മറ്റും പണയംവച്ചാണ് യുവതികളായ വീട്ടമ്മമാർ നിക്ഷേപിക്കാനുള്ള പണം കണ്ടെത്തിയത്. മാനക്കേട് ഭയന്ന് പരാതി നൽകാൻ പലരും തയാറായില്ല. ആഴ്ചകൾക്ക് മുമ്പ് അടൂരിലും സമാനമായ രീതിയിൽ മറ്റൊരു തട്ടിപ്പിന് വീട്ടമ്മമാർ ഇരയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.