കോട്ടക്കൽ: കൈകളിൽ നടന മുദ്രകളുമായി ഇരട്ട സഹോദരിമാർ ആട്ടവിളക്കിന് മുന്നിൽ കഥകളിയിൽ അരങ്ങേറ്റം കുറിക്കുന്നു. കോട്ടക്കൽ ആര്യവൈദ്യശാലക്ക് കീഴിലുള്ള വിശ്വംഭരക്ഷേത്രസന്നിധിയിലാണ് ഹസനത്ത് മറിയവും ഷഹനത്ത് മറിയവും ആദ്യചുവടുകൾ വെക്കുക. മതമൈത്രിയുടെ അടയാളമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോട്ടക്കലിന്റെ സാഹോദര്യപെരുമ ഒരിക്കൽ കൂടി അടയാളപ്പെടുത്തുകയാണ് അണിയറ പ്രവർത്തകർ.
വ്യാഴാഴ്ച വൈകുന്നേരം ഏഴിനാണ് കർണശപഥം കഥകളി ക്ഷേത്രാങ്കണത്തിൽ അരങ്ങേറുന്നത്. ശ്രീകൃഷ്ണനായി ഹസനത്തും ബലരാമനായി ഷഹനത്തുമാണ് അരങ്ങിലെത്തുന്നത്. കോട്ടക്കൽ പി.എസ്.സി നാട്യസംഘത്തിന് കീഴിൽ നാലു വർഷത്തോളമായി ഇരുവരും കഥകളി പഠിക്കുന്നു. ഷഹനത്ത് നേരത്തെ അരങ്ങേറ്റം കുറിച്ചിരുന്നു. ഹസനത്തിനൊപ്പം ഒരുമിച്ച് ചുവടുവെക്കുന്നുവെന്നതാണ് പ്രത്യേകത. കഥകളിയുടെ പുറപ്പാടിൽ ആദ്യ മുക്കാൽ മണിക്കൂറോളമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുക. ശേഷം നാട്യസംഘത്തിലെ ഹരികുമാർ, മനോജ്, ദേവദാസൻ, രാജു മോഹൻ, ശിബി ചക്രവർത്തി എന്നിവരും അരങ്ങിലെത്തും. ആര്യവൈദ്യശാല ജീവനക്കാരനും കാവതികളം സ്വദേശിയായ പിതാവ് ചെരട ഹസൻകുട്ടിക്കും ഭാര്യ ഷക്കീലക്കും മക്കളുടെ അരങ്ങേറ്റം ജീവിതാഭിലാഷം കൂടിയാണ്.
കോട്ടക്കൽ പൂരനാളുകളിൽ കൈലാസമന്ദിര പരിസരത്ത് അരങ്ങേറുന്ന നൃത്തനൃത്യങ്ങൾ കണ്ടാസ്വദിച്ചായിരുന്നു ഇരുവരും വളർന്നത്. നാലാം ക്ലാസിലെ പാഠപുസ്തകത്തിലൂടെ കഥകളിയെ പറ്റി അറിഞ്ഞതോടെ പഠിക്കണമെന്നാഗ്രഹമായി. കലാമണ്ഡലത്തിന് പുറമെ പി.എസ്.വി നാട്യസംഘത്തിലും പഠനം ഉെണ്ടന്നറിഞ്ഞതോടെ എളുപ്പമായി. ആദ്യം കോട്ടക്കൽ ഹരിദാസന്റെ കീഴിലും പിന്നീട് സുധീറുമായിരുന്നു പരിശീലകർ. കോട്ടക്കൽ ഗവ. രാജാസ് എച്ച്.എസ്.എസിലെ ഒമ്പതാം തരം വിദ്യാർഥികളാണ് മിടുക്കികൾ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്കിറ്റിലൂടെ എ ഗ്രേഡും സ്വന്തമാക്കിയിരുന്നു. അടുത്ത വർഷം കലോത്സവത്തിൽ കഥകളിയിൽ മത്സരിക്കണമെന്നുണ്ട്. സാമ്പത്തികം മാത്രമാണ് പ്രതിസന്ധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.