മലപ്പുറം: മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലും സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് വ്യാപകമാകുന്നു.
കളമശ്ശേരി ബോംബ് സ്ഫോടനത്തെത്തുടര്‍ന്ന് സൈബർ സെൽ ശേഖരിച്ച വിവരങ്ങളിലാണ് ഫേസ്ബുക്കിലും മറ്റു സമൂഹ മാധ്യമങ്ങളിലും വ്യാജ ഐ.ഡി ഉപയോഗിച്ച് മതസ്പർധ വളർത്തുന്ന സന്ദേശങ്ങളും കമന്റുകളും വ്യാപകമായി പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയത്. വ്യാജ പ്രൊഫൈലുകള്‍ നിർമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് അവര്‍ ഉപയോഗിച്ച ഐ.പി വിലാസം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ്, വാട്സ്ആപ് തുടങ്ങിയ സമൂഹ മാധ്യമ സ്ഥാപനങ്ങള്‍ക്ക് വിവരങ്ങൾ ലഭ്യമാക്കാൻ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിദ്വേഷ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനും തുടര്‍നടപടി സ്വീകരിക്കുന്നതിനുമായി എല്ലാ ജില്ലകളിലെയും സൈബര്‍ സെല്‍ വിഭാഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തിയതായും സംസ്ഥാന പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിലമ്പൂർ, വണ്ടൂർ സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ദിവസം പൊലീസ് വ്യാജ അക്കൗണ്ടുകളിലൂടെ വിദ്വേഷപ്രചാരണം നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐ.പി.സി 153, പൊലീസ് ആക്ട് വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സമാന രീതിയിൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷം പടർത്തുന്ന തരത്തിലും സമൂഹ മാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് നവംബർ ഒന്നുവരെ 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.