കായംകുളം: വിദ്വേഷ പ്രസംഗം നടത്തിയ എസ്.എൻ.ഡി.പി നേതാവിനെതിരെ ജാമ്യമില്ല വകുപ്പിൽ കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കായംകുളം യൂനിയൻ സെക്രട്ടറിയും ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി. പ്രദീപ് ലാലിനെതിരെയാണ് കേസ്. മുസ്ലിം ഐക്യവേദി ചെയർമാൻ ഷാജി കല്ലറക്കലിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഗുരുദേവ ജയന്തി ഘോഷയാത്രയുടെ നടത്തിപ്പിനായി ചേർന്ന യോഗത്തിലാണ് പ്രദീപ് ലാൽ വിവാദ പ്രസംഗം നടത്തിയത്. ഇതിന്‍റെ ദൃശ്യം പുറത്തുവന്നിരുന്നു.
എസ്.എൻ.ഡി.പിയിലും പ്രദീപ് ലാലിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. യൂനിയൻ കൗൺസിലറും യൂത്ത് മൂവ്മെന്‍റ് മുൻ യൂനിയൻ കൺവീനറുമായ എം.വി. ശ്യാം, കൗൺസിലർ അമ്പിളിമോൻ രശ്മീശ്വരം, മുൻ എസ്.എൻ.ഡി.പി യൂനിയൻ കൗൺസിലർ ബിജു ഈരിക്കൽ, കൈലാസപുരം വൃന്ദാക്ഷൻ തുടങ്ങി നിരവധിപേർ സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധിച്ചു.
ഗുരുദേവ ജയന്തി ആഘോഷ നടത്തിപ്പിനുള്ള യോഗത്തിൽ മറ്റുള്ളവരുടെ മതവികാരങ്ങൾ വ്രണപ്പെടുത്തുന്ന തരത്തിൽ യോഗം ഭാരവാഹികൾ സംസാരിക്കുന്നത് ശരിയായ രീതിയല്ലെന്ന് എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി യൂനിയൻ കമ്മിറ്റി പറഞ്ഞു. കുറ്റക്കാരനെതിരെ ശക്തമായ നടപടികളുണ്ടാകണമെന്നും ആവശ്യപ്പെട്ടു. പ്രസിഡൻറ് റെജികുമാർ പൊന്നൂരേത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സദാനന്ദൻ പുതിയവിള, ആർ. ഭദ്രൻ, സുജിത് കൊപ്പാറേത്ത്, സുരേഷ് കാവിനേഴത്ത്, പരിപ്ര രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അതേസമയം കുടുംബയോഗത്തിൽ യൂനിയൻ സെക്രട്ടറി നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നത് അദ്ദേഹത്തെയും എസ്.എൻ.ഡി.പി യോഗത്തെയും അപകീർത്തിപ്പെടുത്താനാണെന്ന് യൂനിയൻ കൗൺസിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.