വി​ദ്വേഷ പ്രസംഗം: ബിഷപ്പിനെ പിന്തുണച്ച്​ യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി; തള്ളിപ്പറഞ്ഞ്​ ഷാഫി പറമ്പിൽ

വിദ്വേഷ പ്രസംഗം നടത്തിയ പാലാ രൂപത ബിഷപ്പ്​ മാർ ​ജോസഫ്​ കല്ലറങ്ങാട്ടിനെ പിന്തുണച്ച്​ യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി രംഗത്തെത്തിയത്​ വിവാദമായി. ബിഷപ്പ് ഉന്നയിച്ചത്​ സാമൂഹ്യ ആശങ്കയാണെന്നും പരാമര്‍ശത്തിന്‍റെ പേരില്‍ ബിഷപ്പിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നുമായിരുന്നു പാലാ മണ്ഡലം കമ്മിറ്റിയുടെ നിലപാട്​.

വിഷയത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തി യാഥാര്‍ഥ്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണം.സി.പി.എമ്മും ബി.ജെ.പിയും ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും പാലാ മണ്ഡലം കമ്മിറ്റി ആരോപിച്ചിരുന്നു.

എന്നാൽ യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന പ്രസിഡന്‍റായ ഷാഫി പറമ്പിൽ മണ്ഡലം കമ്മിറ്റിയുടെ നിലപാടി​െന തള്ളിപ്പറഞ്ഞ്​ രംഗത്തെത്തി. ഏത് വിഷയത്തിലായാലും യൂത്ത് കോൺഗ്രസ്​ നിലപാട് അതിന്‍റെ സംസ്ഥാന കമ്മിറ്റിയാണ് പറയേണ്ടത്. പാലാ ബിഷപ്പിന്‍റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക യൂണിറ്റിന്‍റെ പ്രസിഡന്‍റ്​ സംഘടനയോട് ആലോചിക്കാതെ പറഞ്ഞ കാര്യങ്ങൾ യൂത്ത് കോൺഗ്രസ്​ നിലപാടല്ല.സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോൺഗ്രസ്​ പിന്തുണയുണ്ടാവില്ല.അതിനെ ശക്തമായി എതിർക്കുമെന്നും ഷാഫി ഫേസ്​ബുക്കിൽ കുറിച്ചു.

ലവ് ജിഹാദ്​ മാത്രമല്ല നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പ്രസ്താവന.ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

മത സ്​പർധയുണ്ടാക്കുന്ന ബിഷപ്പിന്‍റെ പ്രസ്താവന വിവാദമായതോടെ പരാതിയുമായി എസ്‌.ഐ.ഒ രംഗത്തെത്തി. ബിഷപ്പിനെതിരെ എസ്​.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.

Tags:    
News Summary - Hate speech: Youth Congress Pala constituency committee in support of the bishop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.