കണ്ണൂർ: മുൻ എ.ഡി.എം നവീൻ ബാബുവിനെതിരെ മുഖ്യമന്ത്രിക്ക് അയച്ച പരാതിയിലെ ഒപ്പ് തന്റേതുതന്നെയാണെന്ന് പരാതിക്കാരൻ ടി.വി. പ്രശാന്ത്. തനിക്ക് രണ്ട് ഒപ്പുകൾ ഉണ്ടെന്നും തന്റെ ഒപ്പ് മാധ്യമങ്ങൾക്ക് അറിയില്ലെന്നും ടി.വി. പ്രശാന്ത് പറഞ്ഞു. പ്രശാന്തിന്റെ മൊഴി ബുധനാഴ്ച പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. ശേഷമാണ് വിചിത്ര വാദവുമായി മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളിൽ പ്രശാന്ത് പ്രതികരിച്ചുമില്ല.
പെട്രോൾ പമ്പിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു 98,500 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പെട്രോൾ പമ്പ് ഉടമ ടി.വി. പ്രശാന്ത് മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നത്. എന്നാൽ, മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പേര് പ്രശാന്തൻ ടി.വി എന്നും പെട്രോൾ പമ്പ് സ്ഥലമുടമകളുമായുള്ള കരാറിൽ പ്രശാന്ത് എന്നുമാണ് എഴുതിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ ഒപ്പിലും സ്ഥലമുടമകളുമായുള്ള കരാറിലെ ഒപ്പിലും വൈരുധ്യമുണ്ടായിരുന്നു. പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ അറിയിച്ചിട്ടും പ്രശാന്ത് പരാതി നൽകിയെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.