കൊച്ചി: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടന പ്രഥമദൃഷ്ട്യാ നിയമാനുസൃതമല്ലെന്ന് നിരീക്ഷിച്ച് ഹൈകോടതി. സർവകലാശാല ആക്ടിലെ വ്യവസ്ഥകൾ പാലിക്കാതെയാണ് നിയമനം. ചാൻസലർ നാമനിർദേശം ചെയ്യുന്നവരെയാണ് ബോർഡ് ഓഫ് സ്റ്റഡീസിലേക്ക് സിൻഡിക്കേറ്റ് നിയമിക്കേണ്ടതെന്ന വ്യവസ്ഥയടക്കം പാലിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം സംബന്ധിച്ച ആഗസ്റ്റ് 11ലെ രജിസ്ട്രാറുടെ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗം വി. വിജയകുമാർ, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവരുടെ അപ്പീൽ ഹരജിയിൽ ബോർഡ് ഓഫ് സ്റ്റഡീസിലേക്ക് നിയമിക്കപ്പെട്ട 39 പേരടക്കം എതിർകക്ഷികൾക്ക് നോട്ടീസ് നൽകി പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിരീക്ഷണം. നേരത്തേ സിംഗിൾബെഞ്ച് ഇതേ ഹരജി ഫയലിൽ സ്വീകരിക്കാതെ തള്ളിയതിനെ തുടർന്നാണ് അപ്പീൽ നൽകിയത്.
സർവകലാശാലയിലെ 72 ബോർഡുകളാണ് പുനഃസംഘടിപ്പിച്ചത്. സർക്കാർ, എയ്ഡഡ് കോളജുകളിലെ മുതിർന്ന അധ്യാപകരെ ഒഴിവാക്കി യു.ജി.സി യോഗ്യതകളില്ലാത്ത സ്വാശ്രയ കോളജ് അധ്യാപകരെയും കരാർ അധ്യാപകരെയും ഉൾപ്പെടുത്തിയതടക്കം ആരോപിച്ചാണ് ഹരജി. ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനെയും അംഗങ്ങളെയും നിയമപ്രകാരം നാമനിർദേശം ചെയ്യേണ്ടത് ചാൻസലറും നിയമനാധികാരം സൻഡിക്കേറ്റിനും ആണെന്ന് വ്യക്തമാക്കി ഗവർണർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സർവകലാശാല രജിസ്ട്രാർ മുഖേന പ്രത്യേകദൂതൻ വഴി എതിർകക്ഷികൾക്ക് നോട്ടീസ് നൽകാനാണ് ഉത്തരവിലെ നിർദേശം. ഹരജി വീണ്ടും ജനുവരി 17ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.