കണ്ണൂർ പൂപ്പറമ്പ് പൂവേൻവീട്ടിൽ കൂടി നിന്നവർക്ക് കരച്ചിലടക്കാനായില്ല. അത്രമേൽ ഹൃദയത്തിൽ തൊട്ട് കൊണ്ടാണ് സജനയുടെ ചിതക്ക് മകന്റെ ഹൃദയം സ്വീകരിച്ച അശോകൻ തീകൊളുത്തിയത്. സജനയുടെ മകൻ വിഷ്ണുവിന്റെ ഹൃദയമാണ് അശോക് വി. നായരുടെ ജീവൻ നിലനിർത്തുന്നത്. കഴിഞ്ഞവർഷം കോഴിക്കോട്ട് ഉണ്ടായ ബൈക്കപകടത്തിൽ പരുക്കേറ്റ വിഷ്ണുവിന്റെ ചികിത്സക്കിടെയാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്.
ഇതോടെ, അവന്റെ അവയവങ്ങൾ ദാനം ചെയ്യാൻ പിതാവ് കണ്ണൂർ പൂപ്പറമ്പ് പൂവേൻവീട്ടിൽ ഷാജിയും മാതാവ് സജനയും സഹോദരി നന്ദനയും തീരുമാനിച്ചു. കാൻസർ രോഗിയായിരുന്നു സജന. അവയവങ്ങൾ സ്വീകരിക്കുന്നവരിലൂടെ മകനെ കാണാമല്ലോ എന്നായിരുന്നു കുടുംബത്തിന്റെ ആശ്വാസം. സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി, സൗജന്യമായി വിഷ്ണുവിന്റെ ഹൃദയവും വൃക്കകളും കരളും ദാനം ചെയ്തു. ഒന്നുമാത്രമാണ് ആവശ്യപ്പെട്ടത് ‘സ്വീകർത്താക്കളെ നേരിൽ കാണണം’.
അങ്ങനെയാണ്, വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച പത്തനംതിട്ട കുറുങ്ങഴ ചാലുങ്കാൽ വീട്ടിൽ അശോക് വി.നായർ (44) സജനയെ (48) കാണുന്നത്. പിന്നീട് അശോക് ഇടയ്ക്കിടെ സജനയെ കാണാനെത്തി. കാൻസറിന്റെ വേദനകളിൽ ആശ്വാസമായി. വിഷ്ണുവിനെ കുറിച്ച് സജനകൊണ്ടു നടന്ന സ്വപ്നങ്ങൾ മുഴുവൻ കേട്ടു. അങ്ങനെ, ഹൃദയംകൊണ്ട് അശോക് സജനയുടെ മകനായി. കാൻസർ ചികിത്സക്കിടെ കഴിഞ്ഞ ദിവസം സജനയുടെ ഹൃദയമിടിപ്പു നിലച്ചപ്പോൾ അശോക് ഓടിയെത്തി. ഷാജി ആവശ്യപ്പെട്ടതുപ്രകാരം അന്ത്യകർമം ചെയ്തു. സജനയുടെ വിയോഗവേദനക്കിടയിലും വിഷ്ണുവിന്റെ ഓർമ്മ നിറഞ്ഞ വീടായിതുമാറി. അശോകിലൂടെ വിഷ്ണുവിന്റെ ഹൃദയം എല്ലാം അറിയുന്നുവെന്ന് സജനയുടെ അന്ത്യകർമ്മത്തിന് സാക്ഷിയാവർ അടക്കം പറഞ്ഞു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.