തിരുവനന്തപുരം: ഓരോ സ്കൂളും സമീപത്തെ ആരോഗ്യകേന്ദ്രം-ആശുപത്രി എന്നിവയുമായി സഹകരിച്ച് ആവശ്യമായ ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്ന് സ്കൂൾ തുറക്കൽ മാർഗരേഖ. സ്കൂളുകൾ തുറന്നയുടൻ വിദ്യാർഥികൾക്കും ജീവനക്കാർക്കുമുള്ള അടിസ്ഥാന ആരോഗ്യ പരിശോധനകൾ ആരോഗ്യവകുപ്പുമായി ചേർന്ന് നടത്തണം.
രോഗലക്ഷണങ്ങളുള്ളവരെ തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ ഇതര അക്കാദമിക പദ്ധതികൾ ആസൂത്രണം ചെയ്യണം. സ്കൂളിൽ വെച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതോ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതോ ആയ ജീവനക്കാർ-കുട്ടികൾ, കോവിഡ് പരിശോധന നിർബന്ധമായും നടത്തണം. രക്ഷകർത്താക്കൾ, അധ്യാപകർ, സ്കൂളുമായി ബന്ധപ്പെട്ട മറ്റുള്ളവർ എന്നിവർക്ക് ആരോഗ്യവകുപ്പ് പ്രത്യേക പരിശീലനം നൽകും. എല്ലാ സ്കൂളുകളിലും സ്കൂൾ ആരോഗ്യ സംരക്ഷണസമിതി രൂപവത്കരിക്കണം. പ്രധാനാധ്യാപകൻ, വാർഡ് മെമ്പർ, പി.ടി.എ പ്രസിഡൻറ്, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ, ആശാവർക്കർ, കുട്ടികളുടെ പ്രതിനിധി എന്നിവരാണ് സമിതിയിലുണ്ടാവുക. ആഴ്ചയിലൊരിക്കൽ സമിതി യോഗം ചേരണം
രോഗലക്ഷണമുള്ള കുട്ടികളെ നിരീക്ഷിക്കുന്നതിന് സിക്ക് റൂം തയാറാക്കുക, പ്രാഥമിക സുരക്ഷ കിറ്റ് ലഭ്യമാക്കുക, കോവിഡ് പ്രതിരോധത്തിന് സ്കൂൾ തലത്തിൽ പ്ലാൻ തയാറാക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്. പ്രാദേശികതലത്തിൽ ആരോഗ്യപ്രവർത്തകരുമായി നിരന്തരബന്ധം പുലർത്തുകയും ദിവേസനയുള്ള റിപ്പോർട്ട് നൽകുകയും ചെയ്യണം. രോഗലക്ഷണങ്ങളുണ്ടാകുന്ന കുട്ടികളുടെയും ജീവനക്കാരുടെയും വിവരങ്ങൾ വിലാസം സഹിതം ദിവേസന മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് ചെയ്യണം. ആർക്കെങ്കിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായാൽ സമ്പർക്ക പട്ടിക കൃത്യമായി തയാറാക്കാനുള്ള ക്രമീകരണമൊരുക്കണം. കുട്ടികളും ജീവനക്കാരും അല്ലാത്തവർ സ്ഥാപനം സന്ദർശിക്കുന്നത് നിരുത്സാഹപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.