കൊച്ചി: ഗർഭസ്ഥശിശുവിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് 30 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ ഹൈകോടതിയുടെ അനുമതി. കുഞ്ഞിന്റെ തലയോട്ടിയിൽ രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് പാലക്കാട് സ്വദേശിനിക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഗർഭഛിദ്രത്തിന് അനുമതി നൽകിയത്.
24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാനാണ് നിയമപ്രകാരം അനുമതിയുള്ളതെങ്കിലും ഗർഭാവസ്ഥ തുടരുന്നത് ഹരജിക്കാരിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
ഏറെക്കാലമായി കുട്ടികൾ ഉണ്ടാകാതിരുന്നതിനെത്തുടർന്ന് ചികിത്സ തേടിയ ശേഷമാണ് യുവതി ഗർഭിണിയായത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഗർഭാവസ്ഥ തുടരുന്നത് ശാരീരികവും മാനസികവുമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിരുന്നു. കുഞ്ഞിന് സെറിബ്രൽ പാൾസിപോലുള്ള രോഗമുണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് നൽകി. തുടർന്നാണ് യുവതിയും ഭർത്താവും കോടതിയെ സമീപിച്ചത്.
അനിവാര്യതകൊണ്ട് ഗർഭഛിദ്രം നടത്തേണ്ടിവന്ന ദമ്പതികളോട് ദൈവം ക്ഷമിക്കട്ടെയെന്നും അവർ ആഗ്രഹിക്കുന്നപോലൊരു കുട്ടിയെ ദൈവം നൽകട്ടെയെന്നും കോടതി ആശംസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.