തിരുവനന്തപുരം: പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ ഒമ്പത് സർവകലാശാല വി.സിമാരിൽ എട്ടുപേരുടെയും ഹിയറിങ് ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൂർത്തിയാക്കി. മൂന്ന് വി.സിമാർ നേരിട്ട് ഹാജരായപ്പോൾ അഞ്ചുപേർക്ക് വേണ്ടി അഭിഭാഷകരാണ് ഹാജരായത്. എം.ജി സർവകലാശാല വി.സി ഡോ. സാബുതോമസ് വിദേശത്ത് പോയതിനാൽ അടുത്ത മാസം മൂന്നിനാണ് അദ്ദേഹത്തിനുള്ള ഹിയറിങ് നടത്തുക.
സാങ്കേതിക സർവകലാശാല (കെ.ടി.യു) വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി തങ്ങളുടെ നിയമനത്തിന് ബാധകമല്ലെന്ന നിലപാടാണ് വി.സിമാരെല്ലാം നിരത്തിയത്. നിയമന നടപടിക്രമങ്ങളിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ തങ്ങൾ ഉത്തരവാദികളല്ലെന്നും വി.സിമാർ ബോധിപ്പിച്ചു. വി.സി പദവിയിൽ നിയമനത്തിന് ആവശ്യമായ പൂർണ യോഗ്യതയുള്ളവരാണ് തങ്ങളെന്നും വി.സിമാരും ചുമതലപ്പെടുത്തിയ അഭിഭാഷകരും ഗവർണർ മുമ്പാകെ വാദങ്ങൾ നിരത്തി.
രാവിലെ 11ന് തുടങ്ങിയ ഹിയറിങ്ങിൽ ഓരോ വി.സിമാർക്കും അരമണിക്കൂർ വീതമാണ് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ നൽകിയത്. കേരള സർവകലാശാലയിൽ കാലാവധി പൂർത്തിയാക്കിയ വി.സി ഡോ. വി.പി. മഹാദേവൻ പിള്ളയാണ് ആദ്യം ഹാജരായത്. പിന്നാലെ ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥ്, ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല വി.സി ഡോ.പി.എം. മുബാറക് പാഷ എന്നിവരും ഹാജരായി. കുസാറ്റ് വി.സി ഡോ. മധുസൂദനൻ, കാലടി സംസ്കൃത സർവകലാശാല വി.സി ഡോ. എം.വി. നാരായണൻ, മലയാളം സർവകലാശാല വി.സി ഡോ. വി. അനിൽകുമാർ, കാലിക്കറ്റ് സർവകലാശാല വി.സി ഡോ.എം.കെ. ജയരാജ്, കണ്ണൂർ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ എന്നിവർക്കുവേണ്ടി അഭിഭാഷകർ വന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പുറമെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്ര കുമാർ ദൊഡാവത്, നിയമോപദേശകൻ അഡ്വ. ഗോപകുമാരൻ നായർ എന്നിവരും ഹിയറിങ്ങിൽ ഹാജരായി.
ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിനെതിരെ വി.സിമാർ നൽകിയ ഹരജിയിൽ ഹൈകോടതി വിധി വരുന്നതിനനുസൃതമായിട്ടായിരിക്കും രാജ്ഭവൻ തുടർനടപടികൾ സ്വീകരിക്കുക. സാങ്കേതിക സർവകലാശാല വി.സിയായിരുന്ന ഡോ.എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
കൊച്ചി: വൈസ് ചാൻസലർമാരുടെ ഹരജി നിലവിലുണ്ടെങ്കിലും അവരുടെ ഹിയറിങ് നടത്താൻ ചാൻസലർക്ക് തടസ്സമില്ലെന്ന് ഹൈകോടതി. അതേസമയം, വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ അന്തിമ തീരുമാനം എടുക്കുന്നത് വിലക്കിയിട്ടുള്ളതായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമിപ്പിച്ചു. പുറത്താക്കാതിരിക്കാൻ കാരണം തേടി ചാൻസലർ നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് എട്ട് സർവകലാശാലകളിലെ വി.സിമാർ നൽകിയ ഹരജി പരിഗണിക്കവെയാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ചാൻസലർ മുമ്പാകെ വി.സിമാരുടെ ഹിയറിങ് നടക്കുന്നത് കക്ഷികൾ ചൂണ്ടിക്കാട്ടി. തുടർന്ന് ഹരജികൾ ഡിസംബർ 15ന് പരിഗണിക്കാൻ മാറ്റി. വി.സിമാരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട നോട്ടീസിൽ കോടതിയുടെ തീർപ്പുണ്ടാകുന്നതുവരെ അന്തിമ തീരുമാനമെടുക്കരുതെന്ന ഇടക്കാല ഉത്തരവ് നീട്ടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.