‘കേരളീയ’ത്തിന് ഹൃദ്യമായ സമാപനം; പ്രതീക്ഷകളെ അമ്പരപ്പിച്ച് ജനം ഒഴുകിയെത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തനത് കരുതിവെപ്പുകളും തനിമയും ലോകസമക്ഷം തുറന്നുവെച്ചും ജനകീയതയും അഭിമാനവും അടയാളപ്പെടുത്തിയും ഏഴ് ദിവസങ്ങളിലായി തലസ്ഥാനത്ത് അരങ്ങേറിയ കേരളീയത്തിന് ഹൃദ്യമായ പര്യവസാനം. സെൻട്രൽ സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ സദസ്സിനെയും മുഴുവൻ മന്ത്രിമാരെയും സാക്ഷിയാക്കി അടുത്ത കേരളീയത്തിന്‍റെ പ്രഖ്യാപനത്തോടെയാണ് ഈ വർഷത്തെ മഹോത്സവത്തിന്‍റെ സമാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്.

പ്രതീക്ഷകളെ അമ്പരപ്പിച്ച് ജനം ഒഴുകിയെത്തുകയായിരുന്നെന്നും ദേശീയതലത്തിലും അന്തർദേശീയതലത്തിലും എണ്ണപ്പെടുന്ന മഹോത്സവമായി കേരളീയം മാറുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളുടെ ഒരുമയിൽ നേടാൻ കഴിയാത്തതൊന്നുമില്ലെന്ന് ഒരുക്കൽകൂടി തെളിയിച്ചു. കേരളീയം നാടൊന്നാകെ പൂർണമായും നെഞ്ചേറ്റി. തിരുവനന്തപുരം നഗരമാകെ ഒരു ഹാളായി മാറുകയായിരുന്നു. ചില ദിവസങ്ങളിൽ മഴ പ്രതിബന്ധം സൃഷ്ടിച്ചെങ്കിലും മഴ നനഞ്ഞുകൊണ്ട് തന്നെ ജനം കേരളീയം ആഘോഷിച്ചു.

വേർതിരിവുകൾക്കും ഭിന്നതകൾക്കും അതീതമായി ഒരു മനസ്സോടെ ആഘോഷിച്ചെന്നത് തകർക്കാനാകാത്ത ഐക്യബോധം അടിവരയിടുന്നു. കേരളീയത്തിലൂടെ നാടിന്റെ അഭിമാനവും നേട്ടങ്ങളും ലോകത്തിന് മുന്നിൽ എത്തിക്കാനായി എന്നതാണ് മറ്റൊരു നേട്ടം. ആത്മാഭിമാനത്തിന്‍റെ പതാകയാണ് ഏഴ് ദിവസങ്ങളിലായി കേരളം ഉയർത്തിപ്പിടിച്ചത്. തലസ്ഥാനത്താണ് കേരളീയം നടന്നതെങ്കിലും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും ആളുകൾ ഒഴുകിയെത്തി.

കേരളീയത്തിനെതിരെ ആരെങ്കിലും പോരായ്മ നിരത്തിയിട്ടുണ്ടെങ്കിൽ അത് പരിപാടിയുടെ എന്തെങ്കിലും നെഗറ്റീവ് കൊണ്ടല്ല. മറിച്ച് കേരളം അത്തരത്തിൽ അവതരിപ്പിക്കപ്പെടരുതെന്ന ചിന്ത കൊണ്ടാണ്. കേരളീയത്തിന് പിന്നിലെ ദുരൂഹത അന്വേഷിച്ചവരുണ്ട്. അവർക്കെല്ലാം കൃത്യമായ ഉത്തരവും കിട്ടിയിട്ടുണ്ട്. ചുരുക്കം ദിവസങ്ങളിലെ തയാറെടുപ്പ് കൊണ്ട് ഇങ്ങനെയൊന്ന് സംഘടിപ്പിക്കാനായെങ്കിൽ കാര്യമായ തയാറെടുപ്പോടെയുള്ള അടുത്ത കേരളീയം എത്ര വിപുലമായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കനകക്കുന്നിൽ മാത്രം ഒരു ദിവസം ശരാശരി ഒരു ലക്ഷം പേർ എത്തിയെന്നാണ് കണക്കെന്നും എത്ര ജനാവലിയാണ് നഗരത്തിലേക്ക് എത്തിയിട്ടുണ്ടാകുകയെന്നത് ഈ കണക്കുകൾ അടിവരയിടുന്നുണ്ടെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മന്ത്രി വി.ശിവൻകുട്ടി സ്വാഗതം പറഞ്ഞു. കേരളീയത്തിന്‍റെ ഭാഗമായി നടന്ന 25 സെമിനാറുകളുടെ സംക്ഷിപ്ത വിവരണം ചീഫ് സെക്രട്ടറി ഡോ.പി. വേണു നടത്തി. മന്ത്രി കെ. രാജൻ അധ്യക്ഷനായിരുന്നു. സമാപന ചടങ്ങിനുശേഷം മ്യൂസിക്കൽ മെഗാഷോയും നടന്നു.

ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയം സമാപന ചടങ്ങിൽ ഫലസ്തീൻ ജനതക്ക് പിന്തുണയർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം സന്തോഷത്തോടെ ആഘോഷിക്കുമ്പോഴും ഫലസ്തീനിലെ സഹോദരങ്ങൾ നേരിടുന്ന ദുരനുഭവങ്ങൾ ചിന്തിക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ വേദന നിറയുകയാണ്. ലോകത്തിന്റെ ഒരു ഭാഗത്ത് ഒരു ജനവിഭാഗത്തെ ഉന്മൂലന സ്വഭാവത്തിൽ നിഷ്ഠൂരമായി തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

അമേരിക്കൻ പിന്തുണയോടെയാണ് ഇസ്രായേലിന്റെ ക്രൂരത. ഇക്കാര്യത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കാനാകില്ല. ഫലസ്തീനിലെ പൊരുതുന്ന ജനതയോടുള്ള ഐക്യദാർഢ്യം ഒറ്റക്കെട്ടായി കേരളീയം വേദി പ്രഖ്യാപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Heartwarming End to 'Keraleeya'; The Chief Minister said that the people flocked to surprise the expectations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.