നിപ: 19 പേരുടെ പരിശോധനാഫലം ഇന്ന്, സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരം പ്രചരിപ്പിച്ചാൽ നിയമനടപടി -ആരോഗ്യമന്ത്രി

മലപ്പുറം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 19 പേരുടെ പരിശോധനാഫലം ചൊവ്വാഴ്ച പുറത്തുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ അഞ്ചുപേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ വരും. നിപ ബാധിച്ച് മരിച്ച പതിനാലുകാരന്‍റെ അടുത്ത ബന്ധുക്കളിലും നേരിട്ട് സമ്പര്‍ക്കമുള്ള മറ്റ് ചിലരിലും നടത്തിയ പരിശോധനകളുടെ ഫലങ്ങള്‍ നെഗറ്റിവ് ആണെന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.

ഫലങ്ങള്‍ നെഗറ്റിവ് ആവുന്നു എന്നതുകൊണ്ട് നിയന്ത്രണങ്ങളില്‍ അയവ് വരുത്താനാവില്ലെന്നും പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്നും പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു. നിപ സംബന്ധിച്ച് സമൂഹമാധ്യമങ്ങള്‍ വഴി തെറ്റിദ്ധാരണ പരത്തുന്നതിനെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. അത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. പൊതുജനാരോഗ്യനിയമത്തിലെയും സൈബര്‍ നിയമത്തിലെയും വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിപ നേരിടാന്‍ മലപ്പുറം ജില്ലയിലെ ജനങ്ങള്‍ നല്‍കിയ സഹകരണം എടുത്തുപറയേണ്ടതാണ്. മാധ്യമങ്ങള്‍ മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചത്. 406 പേരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ ലാബ് കോഴിക്കോട്ട് എത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇത് മഞ്ചേരിയില്‍ കൂടി പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി പുരോഗമിച്ചുവരികയാണ്.

വവ്വാലുകളെ നിരീക്ഷിക്കുന്നതിന് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ബാലസുബ്രഹ്‌മണ്യത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വിവിധ സ്ഥലങ്ങളില്‍ നിന്ന് വവ്വാലുകളുടെ സാംപിളുകള്‍ ശേഖരിക്കും. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ ഫീവര്‍ സര്‍വയലന്‍സ് സംഘം 7200ലധികം വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ആനക്കയം പഞ്ചായത്തില്‍ 95 സംഘങ്ങളും പാണ്ടിക്കാട് പഞ്ചായത്തില്‍ 144 സംഘങ്ങളുമാണ് ഗൃഹസന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

Tags:    
News Summary - Nipah: Legal action if false information is spread through social media - Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.