കണ്ണൂർ: ഉഷ്ണതരംഗ മരണക്കണക്കിൽ പൊള്ളലേറ്റ് കണ്ണൂർ ജില്ലയിലെ മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രം. സംസ്ഥാനത്ത് ഉഷ്ണതരംഗത്തിൽ അടുത്തകാലത്തൊന്നും ഒരാളും മരിച്ചിട്ടില്ലെന്നിരിക്കെ രാജ്യത്ത് ‘നമ്പർ വൺ’ നേടിക്കൊടുത്തത് മാലൂർ പി.എച്ച്.സിയിലെ ചെറിയൊരു കൈപ്പിഴ. നാണക്കേടുണ്ടാക്കിയ വിഷയത്തിൽ മാലൂർ പി.എച്ച്.സിയോട് വിശദീകരണം തേടിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിന് കീഴിലെസമഗ്ര രോഗ നിരീക്ഷണ പദ്ധതിയുടെ പോർട്ടലിൽ നൽകിയ കണക്കിലാണ് മാലൂർ പി.എച്ച്.സിക്ക് അബദ്ധം സംഭവിച്ചത്. ഈവർഷം ജൂൺവരെ ഉഷ്ണതരംഗമോ സമാനരീതിയിലോ നടന്ന മരണങ്ങളുടെ കണക്ക് ചോദിച്ചിടത്ത് പൂജ്യം എന്നതിനുപകരം 120 എന്നാണ് രേഖപ്പെടുത്തിയത്. അന്ന് ഒ.പിയിലെത്തിയവരുടെ എണ്ണമായിരുന്നു ഈ 120. ഒരിക്കൽ നൽകിയ വിവരങ്ങൾ തിരുത്താൻ ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിന് മാത്രമേ കഴിയൂവെന്നതാണ് ഈ പോർട്ടലിന്റെ പ്രത്യേകത.
രാജ്യത്ത് ഈ വർഷം ഉഷ്ണതരംഗത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് കേരളത്തിലാണെന്ന് ലോക്സഭയിൽ കേന്ദ്ര ആരോഗ്യ സഹമന്ത്രി അറിയിച്ചപ്പോഴാണ് അബദ്ധം പുറത്തറിഞ്ഞത്. ഈ വർഷം 264 പേർ മരിച്ചെന്നും ഇതിൽ 120ഉം കേരളത്തിലാണെന്നുമാണ് കേന്ദ്രമന്ത്രി തമിഴ്നാട്ടിൽനിന്നുള്ള ഒരു എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കിയത്. ഇത് തെറ്റാണെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചതിനുശേഷമുള്ള പരിശോധനയിലാണ് കണ്ണൂരിലെ പി.എച്ച്.സിയിൽനിന്നുള്ള അബദ്ധം ശ്രദ്ധയിൽപെട്ടത്.
സൂര്യാഘാതവുമായി ബന്ധപ്പെട്ട് മാലൂർ പി.എച്ച്.സിയിൽ ഒരാൾപോലും ഇക്കാലയളവിൽ ചികിത്സക്ക് എത്തിയിട്ടില്ല. കൈപ്പിഴ മാത്രമാണിതെന്നും ബന്ധപ്പെട്ടവരെ അക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മാലൂർ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ‘മാധ്യമ’ത്തോട് പറഞ്ഞു. കണക്കുകൾ അപ് ലോഡ് ചെയ്തയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും തുടർനടപടി മറുപടി ലഭിച്ചശേഷമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.