കോട്ടയം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രവചിക്കുന്നത്. തെക്കൻ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ട പശ്ചാത്തലത്തിൽ വരുംദിവസങ്ങളിൽ കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
തിരുവനന്തപുരം,കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
23ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 24ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി.
പാലക്കാട്/മലപ്പുറം: കനത്ത മഴയിൽ പാലക്കാട്, മലപ്പുറം ജില്ലകളിലായി രണ്ടിടത്ത് ഉരുൾപൊട്ടി. പാലക്കാട്ട് മംഗലംഡാം മേഖലയിലാണ് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായത്. കിഴക്കഞ്ചേരി രണ്ട് വില്ലേജിൽ ഓടൻതോട്-പടങ്ങിട്ടതോട് റോഡിന് മുകൾ ഭാഗത്തും വി.ആർ.ടി, ആശാൻപാറ എന്നിവിടങ്ങളിലുമാണ് വനത്തിനുള്ളിൽ ഉരുൾപൊട്ടിയത്.
കനത്ത മഴക്കിടെ ബുധനാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. മണ്ണും മലെവള്ളവും കുത്തിയൊലിച്ച് കൃഷിയിടങ്ങളിലും വീടുകളിലുമെത്തി. മലപ്പുറം ജില്ലയിൽ താഴെക്കോട് അരക്കുപറമ്പ് മാട്ടറക്കലിൽ മുക്കിലപറമ്പിെൻറ മുകളിലുള്ള മലങ്കട മലയിലും ബിടാവുമലയിലുമാണ് മണ്ണിടിഞ്ഞത്. കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ആളപായമില്ല. ബുധനാഴ്ച രാത്രി ഏഴിനാണ് സംഭവം.
മാട്ടറയിൽ റോഡ് കവിഞ്ഞ് വെള്ളം ഒഴുകിയതോടെ പ്രദേശം ഏറെനേരം ഒറ്റപ്പെട്ടു. 60ഓളം കുടുംബങ്ങളാണ് മേഖലയിലുള്ളത്. ഇവരെ മാറ്റിപ്പാർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.