തൊടുപുഴ: കുടയത്തൂരിൽ കനത്ത മഴയെത്തുടർന്നുള്ള ഉരുൾപൊട്ടലിൽ വീട് തകർന്ന് കുട്ടിയടക്കം ഉറങ്ങിക്കിടന്ന ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. സംഗമം കവലക്ക് സമീപം പന്തപ്ലാവ് ചിറ്റടിച്ചാലിൽ തങ്കമ്മ (70), മകൻ സോമൻ (53), ഭാര്യ ഷിജി (50), മകൾ ഷിമ (25), ഷിമയുടെ മകൻ ദേവാക്ഷിദ് (അഞ്ച്) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ച മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം.
കുടയത്തൂർ സംഗമം കവലയിൽനിന്ന് രണ്ടര കിലോമീറ്റർ മുകളിൽ മോർക്കാട്-പന്തപ്ലാവ് റോഡിന് താഴ്ഭാഗത്തുനിന്നാണ് ഉരുൾപൊട്ടി കൂറ്റൻ പാറക്കല്ലും ചളിമണ്ണും വന്മരങ്ങളും സോമന്‍റെയും കുടുംബത്തിന്‍റെയും വീടിന് മുകളിൽ പതിച്ചത്. വലിയ ശബ്ദംകേട്ട് പ്രദേശവാസികൾ പുറത്തിറങ്ങി നോക്കുമ്പോൾ സോമന്‍റെ വീടിന്‍റെ സ്ഥാനത്ത് വലിയ പാറക്കല്ലുകളും ചളിമണ്ണുമായിരുന്നു. അയൽവാസികൾ പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു.
പൊലീസും മൂലമറ്റത്തുനിന്ന് അഗ്നിരക്ഷസേനയും നടത്തിയ തിരച്ചിലിൽ അഞ്ച് മണിയോടെ തങ്കമ്മയുടെ മൃതദേഹം ലഭിച്ചു. ഇതിനിടെ, സമീപത്തെ എട്ട് സ്റ്റേഷനുകളിൽനിന്ന് അഗ്നിരക്ഷസേന സംഘം സ്ഥലത്തെത്തി. ഏഴരയോടെ വീടിരുന്ന സ്ഥലത്തിന് 10 മീറ്റർ താഴെനിന്ന് അഞ്ചുവയസ്സുകാരൻ ദേവാക്ഷിതിന്‍റെയും എട്ടരയോടെ സമീപത്തുനിന്ന് തന്നെ ഷിമയുടെ മൃതദേഹവും ലഭിച്ചു. 11 മണിയോടെയാണ് സോമന്‍റെയും ഭാര്യ ഷിജിയുടെയും മൃതദേഹം കണ്ടെത്തിയത്.
മൃതദേഹങ്ങൾ തൊടുപുഴ ജില്ല ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകീട്ട് കുടയത്തൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന്, തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.
മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം.പി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. റബർ ടാപ്പിങ് തൊഴിലാളിയായിരുന്നു സോമൻ. ഭാര്യ എടാട് ഗവ. എൽ.പി സ്കൂളിൽ പാർട്ട്ടൈം സ്വീപ്പറും ഷിമ കാഞ്ഞാറിലെ സ്വകാര്യ ലാബിലെ ടെക്നീഷ്യയുമാണ്. ദേവാക്ഷിദ് ഒന്നാംക്ലാസ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.