കനത്ത മഴ: പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ച പനികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണം ഒരുക്കണം.

മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. ആലപ്പുഴ കുട്ടനാട് അടിയന്തിര സാഹചര്യം നേരിടുന്നതിന് വെള്ളത്തില്‍ സഞ്ചരിക്കുന്ന മൂന്ന് മൊബൈല്‍ ഫ്ളോട്ടിങ് ഡിസ്പെന്‍സറികള്‍, വാട്ടര്‍ ആംബുലന്‍സ് എന്നിവ സജ്ജമാക്കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.

മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യതയുണ്ട്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.

വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. എത്രയും വേഗം ചികിൽസ തേടണമെന്നും മന്ത്രി അറിയിച്ചു. 

Tags:    
News Summary - Heavy rain: Veena George should be cautious against contagious flu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.