കേരളത്തിൽ വ്യാപകമായുണ്ടായ അതിതീവ്ര മഴയിലും കാറ്റിലും വൈദ്യുത മേഖലക്ക് കനത്ത നാശനഷ്ടമെന്ന് കെ.എസ്.ഇ.ബി. മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞുവീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തു. കോട്ടയം ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിലും വൈദ്യുതി സംവിധാനത്തിന് വലിയതോതിൽ നാശനഷ്ടമുണ്ടായി.
പലയിടത്തും വെള്ളപ്പൊക്കത്തെ തുടർന്ന് പൊതുജനങ്ങൾക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ നിരവധി ഹൈ ടെൻഷൻ ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്ത് വയ്ക്കേണ്ട സ്ഥിതിയുണ്ട്. സമയബന്ധിതമായ ഇടപെടലുകളിലൂടെ അപകടങ്ങൾ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുന:സ്ഥാപിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ചിലയിടങ്ങളിൽ രാത്രി തന്നെ വൈദ്യുതി പുന:സ്ഥാപിക്കുവാൻ കഴിഞ്ഞേക്കും.
പെട്ടെന്നുണ്ടായ പ്രകൃതി ദുരന്തത്താൽ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ കെ എസ് ഇ ബി ജീവനക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ആശുപത്രികളിലേക്കും കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്കും ഓക്സിജൻ പ്ലാന്റുകളിലേക്കുമുള്ള വൈദ്യുതിബന്ധം അതിവേഗം പുന:സ്ഥാപിക്കുകയും വൈദ്യുതി മുടങ്ങാതിരിക്കാൻ ജാഗ്രത പുലർത്തുകയും ചെയ്യുന്നുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
വ്യാപകമായി നാശമുണ്ടായ പ്രദേശങ്ങളിൽ, വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. 11കെ വി ലൈനിലെ തകരാറുകൾ പരിഹരിക്കുന്നതിനാണ് കെ എസ് ഇ ബി മുൻഗണന നൽകുക. കാലവർഷക്കെടുതിയുടെ ഭാഗമായി വ്യാപകമായി വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്. ഇതുസംബന്ധിച്ച് പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.
വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽ പെട്ടാൽ അതത് കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ, പ്രത്യേക എമർജൻസി നമ്പറായ 9496010101 ലോ അറിയിക്കണം. വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ കെ എസ് ഇ ബിയുടെ ടോൾഫ്രീ കസ്റ്റമർകെയർ നമ്പരായ 1912 ൽ വിളിച്ച് രേഖപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.