തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപംകൊണ്ട ന്യൂനമർദം തീവ്രത കൈവരിച്ചതോടെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അതിനിടെ, വിതുര കൊപ്പത്തിനടുത്ത് വാമനപുരം നദിയിൽ സ്കൂട്ടർ യാത്രികനെ ഒഴുക്കിൽപെട്ട് കാണാതായി. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇവിടെ 13 കുടുംബങ്ങളിലായി 52 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്.
മധ്യകിഴക്കൻ അറബിക്കടലിൽ കൊങ്കൺ തീരത്തെ തീവ്ര ന്യൂനമർദം പനാജിക്കും രത്‌നഗിരിക്കും ഇടയിലൂടെ കരയിൽ പ്രവേശിച്ചു. കിഴക്ക്-വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുന്ന തീവ്ര ന്യൂനമർദം 24 മണിക്കൂറിനകം ന്യൂനമർദമായി ശക്തി കുറയും. അതേസമയം, ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദം നിലവിൽ തെക്ക് കിഴക്കൻ ഝാർഖണ്ഡിനും പശ്ചിമ ബംഗാളിനും വടക്കൻ ഒഡീഷക്കും മുകളിലാണ്.
കേരള-ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ഞായറാഴ്ച പത്തനംതിട്ട ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയിൽ കോഴിക്കോട് ജില്ലയിലെ ഒറ്റപ്പെട്ട താഴ്ന്ന ഭാഗങ്ങൾ പലതും വെള്ളത്തിനടിയിലായി. കൊയിലാണ്ടി മേഖലയിൽ മണ്ണിടിച്ചിലുമുണ്ടായി.
പാലക്കാട് ജില്ലയിൽ പലയിടത്തും കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. ചില ഡാമുകളുടെ ഷട്ടറുകൾ തുറന്നു. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീടുകളുടെ മുകളിലേക്ക് മരങ്ങൾ കടപുഴകി നാശനഷ്ടമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.