ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും കുടുംബവുമായി ചർച്ച നടത്തി -സ്വപ്ന സുരേഷ്

കൊച്ചി: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലും തനിക്കെതിരെ കേസെടുത്താലും കോടതിയിൽ നൽകിയ 164 മൊഴിയിൽനിന്ന് പിൻമാറില്ലെന്ന് സ്വപ്ന സുരേഷ്. മൊഴിയിൽ ഉറച്ചുനിൽക്കുകയാണ്. കസ്റ്റംസിലും ഇ.ഡിയിലും നൽകിയ 164 മൊഴിയിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൊഴിയിൽനിന്ന് താൻ പിൻമാറണമെങ്കിൽ തന്നെ കൊല്ലണമെന്നും അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഈ വിവാദ വനിതയെ അറിയില്ലെന്ന് താൻ ജയിലിൽ കിടക്കുമ്പോൾ മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയും ഭാര്യയും മകളും മകനുമൊക്കെയായി പല ചർച്ചകളും താൻ ക്ലിഫ് ഹൗസിൽ ഇരുന്ന് നടത്തിയിട്ടുണ്ട്. പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് മാധ്യമങ്ങൾവഴി താൻ ഓർമിപ്പിച്ചു കൊടുക്കാമെന്നും സ്വപ്ന പറഞ്ഞു.

കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കുന്ന രേഖകൾ തമ്മിൽ വ്യത്യാസമുണ്ടെന്ന് ഒരു സി.പി.എം നേതാവിന് എങ്ങനെ ഉറപ്പിച്ചുപറയാൻ പറ്റും. തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഈ നേതാവോ മുഖ്യമന്ത്രിയോ രേഖ എടുത്തിട്ടുണ്ടാകുമെന്ന് സ്വപ്ന ആരോപിച്ചു. താനും ഷാജ് കിരണും സരിത്തും കൂടി നടത്തിയ ഫോൺ സംഭാഷണത്തിൽ മാറ്റങ്ങൾ വരുത്തിയെന്ന് ഈ നേതാവ് എങ്ങനെയാണ് അറിഞ്ഞതെന്നതിലും സംശയമുണ്ട്. ഇതിലൂടെ ഷാജ് കിരണും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹമാണ് ഷാജിനെ തന്‍റെ ഓഫിസിലേക്ക് വിട്ടതെന്ന് തെളിഞ്ഞെന്നും സ്വപ്ന ആരോപിച്ചു. അതുകൊണ്ടാണ് രണ്ടാമതും ഗൂഢാലോചനക്കുറ്റം തന്‍റെ പേരിൽ ചുമത്തിയത്.

സി.പി.എം നേതാവായ സി.പി. പ്രമോദ് കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കുന്ന രണ്ട് 164 സ്റ്റേറ്റ്മെന്‍റുകൾ തമ്മിൽ വ്യത്യാസമുണ്ടെന്ന് പൊലീസിൽ കൊടുത്ത പരാതിയിൽ പറയണമെങ്കിൽ രണ്ടും കാണാതെ പറ്റില്ലെന്ന് സ്വപ്നയുടെ അഭിഭാഷകൻ പറഞ്ഞു. എങ്ങനെയാണ് ഇവർ ഇത് രണ്ടും കണ്ടത്. ഷാജ് കിരണുമായി നടത്തിയ ഫോൺ സംഭാഷണം എഡിറ്റു് ചെയ്തെന്നും വ്യാജമായി സൃഷ്ടിച്ചെന്നും എഫ്.ഐ.ആറിലുണ്ട്. ഷാജ് കിരൺ ആരുടെയോ ഏജന്‍റാണെന്ന് തങ്ങൾ കോടതിയിൽ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഏജന്‍റാണെന്നാണ് അയാൾ അവകാശപ്പെടുന്നത്. പുതിയ കേസിലൂടെ അത് തെളിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - held discussions at Cliff House - Swapna Suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.