ഹേമ കമ്മിറ്റി റിപ്പോർട്ട്: കോടതി ഇടപെടലോടെ തുടർനടപടി സ്വീകരിക്കൽ സർക്കാറിന് എളുപ്പമായി -എ.കെ. ബാലൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹൈകോടതി ഇടപെടലോടെ തുടർനടപടി സ്വീകരിക്കൽ സർക്കാറിന് എളുപ്പമായെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ. മൊഴികൾ രഹസ്യമാക്കി വെക്കുമെന്നും പ്രസിദ്ധീകരിക്കില്ലെന്നുമുള്ള ഉറപ്പിലാണ് ഇത്രയേറെ ആളുകൾ കമ്മിറ്റിക്ക് മുമ്പാകെ തുറന്നുപറഞ്ഞത്. മൊഴികള്‍ രഹസ്യമാക്കി വെക്കണമെന്ന ജസ്റ്റിസ് ഹേമയുടെ കത്തും ബാലൻ ചൂണ്ടിക്കാട്ടി. കമ്മിറ്റി റിപ്പോർട്ടിൽ കോടതി ഇടപെടലുണ്ടായതോടെ തുടർനടപടി എളുപ്പമായി -ബാലൻ പറഞ്ഞു.

തങ്ങളുടെ മൊഴി പ്രസിദ്ധീകരിക്കരുതെന്നും ഒരു തരത്തിലുള്ള ക്രിമിനൽ നടപടികൾക്കും ആഗ്രഹിക്കുന്നില്ലെന്നും മൊഴിനൽകിയവർ ഹേമ കമ്മിറ്റിയോട് പറഞ്ഞതിനെ തുടർന്നാണ് ജസ്റ്റിസ് ഹേമ സർക്കാറിന് കത്ത് നൽകിയതെന്ന് ബാലൻ പറഞ്ഞു. മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പുവരുത്തി തുടർനടപടികൾ സ്വീകരിക്കുന്നതിലുള്ള നിയമപ്രശ്നം ഇപ്പോൾ ഇല്ലാതായിക്കഴിഞ്ഞു -ബാലൻ പറഞ്ഞു. 

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് നൽകണമെന്നാണ് ഇന്ന് ഹൈകോടതിയുടെ പ്രത്യേക ഡിവിഷൻ ബെഞ്ച് സർക്കാറിനോട് നിർദേശിച്ചത്. ഓഡിയോ, വിഡിയോ തെളിവുണ്ടെങ്കിൽ അവയും കൈമാറാൻ നിർദേശിച്ചു. റിപ്പോർട്ട് സമർപ്പിച്ച് വർഷങ്ങളായിട്ടും സർക്കാർ എന്തു ചെയ്യുകയായിരുന്നുവെന്ന് ചോദിച്ച കോടതി, സർക്കാറിന്‍റെ നിഷ്ക്രിയത്വത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈകോടതി ഉന്നയിച്ച ചോദ്യങ്ങളില്‍ സര്‍ക്കാറിന് മറുപടിയുണ്ടോയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി ചോദിച്ചു. സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ തന്നെയാണ് കോടതിയും ചൂണ്ടിക്കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. റിപ്പോര്‍ട്ടിനെ പറ്റി അന്വേഷണ സംഘം അന്വേഷിച്ചാല്‍ സത്യം പുറത്തുവരും. ലൈംഗിക കുറ്റകൃത്യങ്ങള്‍ ഒളിച്ചുവെക്കുന്നത് തന്നെ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Hema Committee Report AK Balan says now it is easy for government to take further actions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.