ഹേമ കമ്മിറ്റി റിപ്പോർട്ട്: മന്ത്രി ഗണേഷ് കുമാറിനെതിരായ പരാതിയിൽ നടപടിക്ക് ഡി.ജി.പിയുടെ നിർദേശം

തിരുവനന്തപുരം: സിനിമ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മന്ത്രി ഗണേഷ് കുമാറിനെതിരായ പരാമർശം സംബന്ധിച്ച് കേസെടുക്കണമെന്ന പരാതിയിൽ ആവശ്യമായ നടപടിക്ക് നിർദേശം നൽകി ഡി.ജി.പി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി നൽകിയ പരാതിയിലാണ് നടപടി. 136ാം പേജിൽ മന്ത്രിയെ കുറിച്ച് പരാമർശം ഉണ്ടെന്നും അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം.

'ആത്മ' സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ മന്ത്രിയെക്കുറിച്ച് പരാമർശമുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് അബിൻ വർക്കി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ആവശ്യമായ നടപടിക്ക് ഡി.ജി.പി ശിപാര്‍ശ നല്‍കിയിരിക്കുന്നത്.

അതേസമയം, ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിൽ സാംസ്കാരിക വകുപ്പും സര്‍ക്കാരും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇതില്‍ ഗതാഗത മന്ത്രിയ്ക്ക് കാര്യമില്ലെന്നുമായിരുന്നു ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ‘റിപ്പോർട്ട് പുറത്തു വന്നു നല്ലതാണ്. അവസരങ്ങൾ ലഭിക്കുന്നതിന് വിട്ടുവീഴ്ച ചെയ്യണമെന്നൊക്കെ പണ്ടേ കേൾക്കുന്നതാണ്. എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. പറഞ്ഞാൽ അന്നേരം പ്രതികരിക്കും. നമ്മൾ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ ഊഹിക്കുന്നത്. ആളുകളെ ആക്ഷേപിക്കുന്നതിന് തയാറല്ല. സാംസ്കാരിക മന്ത്രി കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹം നടപടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ട്. സിനിമ മേഖലയില്‍ എല്ലാ ശരിയാണെന്ന് അഭിപ്രായമില്ല. അറിയാത്ത കാര്യങ്ങളെക്കുറിച്ച് പറയാനില്ല. എന്തെങ്കിലും പറഞ്ഞ് വിവാദത്തിനില്ല. ചില കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ട’ -എന്നായിരുന്നു ഗണേഷ് പറഞ്ഞത്.

ഷൂട്ടിങ് ലോക്കേഷനില്‍ ബാത്ത് റൂം സൗകര്യമില്ലാത്തതൊക്കെ ഉടൻ നടപടിയെടുക്കേണ്ട കാര്യമാണ്. സീനിയറായ നടികളുടെ കാരവൻ ഉപയോഗിക്കാൻ അനുവദിക്കുന്നില്ല. പ്രൊഡ്യൂസേഴ്സ് സംഘടന ഇത്തരം കാര്യങ്ങള്‍ ആലോചിക്കേണ്ടതാണ്. മൊത്തത്തില്‍ ഉള്ള പഠനമാണ്. പണ്ടും ഇതുപോലെയുള്ള കഥകള്‍ കേട്ടിട്ടുണ്ട്. അതിനെക്കുറിച്ച് പറയാനില്ല. ഗണേഷ് കുമാറോ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയോ അല്ല നടപടിയെടുക്കേണ്ടത് -ഗണേഷ് പറഞ്ഞു.

അതിനിടെ, ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണ രൂപം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തിട്ടുണ്ട്. എഡിറ്റ് ചെയ്യാത്ത റിപ്പോർട്ടിന്മേലുള്ള ലൈംഗിക പീഡന പരാമർശങ്ങളിൽ ക്രിമിനൽ നടപടികൾ ആരംഭിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബഞ്ച്, ഹരജി നാളെ പരിഗണിക്കും.

റിപ്പോർട്ട് ഇത്രയും കാലം മൂടിവെച്ചതിനെതിരെ കെ് സുധാകരൻ രംഗത്തുവന്നിട്ടുണ്ട്. ഇത്രമേൽ ഗുരുതര കണ്ടെത്തലുകൾ ഉള്ള ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ഇത്രയും നാൾ പിണറായി വിജയൻ മൂടിവച്ചത് എന്തിനെന്നു മലയാളികൾക്ക് മനസിലാകുമെന്നും സിനിമയിലായാലും രാഷ്ട്രീയത്തിലായാലും സ്ത്രീകളോട് 'അന്തസ്സില്ലാതെ' പെരുമാറുന്നത് ആരൊക്കെയാണെന്ന് കേരളത്തിന്‌ നന്നായി അറിയാമെന്നും അ​ദ്ദേഹം പറഞ്ഞു.

‘പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കംം നേരിടുന്ന വലിയ അവഗണനകളുടെയും, പീഡനങ്ങളുടെയും അത്യന്തം ഗുരുതരമായ വെളിപ്പെടുത്തലുകൾ അടങ്ങിയ റിപ്പോർട്ട്‌ ഇത്രയും കാലം മൂടിവച്ചത് ഒരു രീതിയിലും നീതീകരിക്കാനാവുന്നതല്ല. റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം കണക്കിലെടുത്ത് ഒരു ക്ലാർക്കിനെ പോലും സഹായത്തിനായി ഏർപ്പെടുത്താതെ ഒറ്റയ്ക്കിരുന്നു ഏറെ പ്രയാസപ്പെട്ട് റിപ്പോർട്ട്‌ തയ്യാറാക്കിയ ജസ്റ്റിസ് ഹേമയോട് കേരളത്തിന്റെ പേരിൽ കോൺഗ്രസ്‌ നന്ദി പറയുന്നു. മൂന്നാംകിട ഗുണ്ടായിസം മാത്രം അറിയാവുന്നൊരു മുഖ്യമന്ത്രി നയിക്കുന്ന ഭരണസംവിധാനത്തിൽ ഇത്രയും മികച്ച രീതിയിൽ തയ്യാറാക്കിയ റിപ്പോർട്ട്‌ താങ്കൾക്ക് സമർപ്പിക്കേണ്ടി വന്നതിൽ ഞങ്ങൾക്ക് വിഷമമുണ്ട്’ -സുധാകരൻ വ്യക്തമാക്കി. 

Tags:    
News Summary - Hema Committee Report: complaint against Minister KB Ganesh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.