ഞെട്ടിക്കുന്ന വിവരങ്ങളുമായി ഹേമ കമ്മിറ്റി റിപ്പോർട്ട്; സിനിമ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണം

തിരുവനന്തപുരം: മലയാള സിനിമയിൽ വനിതകൾ നേരിടുന്ന ചൂഷണങ്ങളും അതിക്രമങ്ങളും തുറന്ന് പറഞ്ഞ് ഹേമ കമ്മിറ്റി റിപ്പോർട്ട്. നടി രഞ്ജിനിയുടെ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിനു പിന്നാലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്.

വിവരാവകാശനിയമപ്രകാരം അപേക്ഷിച്ച മാധ്യമം ലേഖകൻ ഉൾപ്പെടെയുള്ളവർക്കാണ് റിപ്പോർട്ട് കൈമാറിയത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. സിനിമ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് റിപ്പോർട്ട് പറയുന്നു. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ചുണ്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. വഴങ്ങാത്തവർക്ക് അവസരങ്ങളില്ല. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുന്നു. ചൂഷണം ചെയ്യുന്നവരിൽ പ്രമുഖ നടന്മാരുമുണ്ട്.

സഹകരിക്കുന്നവർക്ക് പ്രത്യേക കോഡുണ്ട്. പരാതി പറയുന്നവരെ പ്രശ്നക്കാരായി കാണുന്നു. സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങളാണ്. മലയാള സിനിമയിൽ ആൺകോയ്മ നിലനിൽക്കുന്നു. സ്ത്രീകൾ വ്യാപക അരക്ഷിതാവസ്ഥ നേരിടുന്നു. അവരെ രണ്ടാംതരക്കാരായി പരിഗണിക്കുന്നു. നടിമാർ ജീവഭയം കാരണം തുറന്നുപറയാൻ മടിക്കുന്നു. ആലിംഗനം ചെയ്യുന്ന സീൻ 17 തവണ വരെ റീ-ടേക്ക് എടുപ്പിച്ച് ബുദ്ധിമുട്ടിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റി 2019 ഡിസംബർ 31ന് സർക്കാറിനു റിപ്പോർട്ട് കൈമാറിയിരുന്നു. ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് പുറത്തുവിട്ടത്. 233 പേജുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്.

 

ആളുകളുടെ സ്വകാര്യതയെ ‌ബാധിക്കുന്ന, ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ പൂർണമായി ഒഴിവാക്കി. 49–ാം പേജിലെ 96–ാം പാരഗ്രാഫ് ഉണ്ടാകില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കും. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ പുറത്തുവിട്ടിട്ടില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല. 

നേരത്തെ ശനിയാഴ്ച റിപ്പോർട്ട് പുറത്തുവിടുമെന്നായിരുന്നു സാസ്കാരിക വകുപ്പിന്‍റെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ അറിയിച്ചിരുന്നത്. എന്നാൽ, തങ്ങൾ കൊടുത്ത മൊഴി തന്നെയാണോ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതെന്ന് അറിയില്ലെന്നും തങ്ങളെ കാണിക്കാതെ മൊഴി പുറത്തുവിടരുതെന്നും ആവശ്യപ്പെട്ട് രഞ്ജിനി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശമനുസരിച്ച് താൻ സിംഗിൾ ബെഞ്ചിനെ സമീപിക്കുമെന്ന് നടി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹരജിയുമായി ഹൈകോടതിയെ സമീപിച്ച സാഹചര്യത്തിൽ കോടതിവിധിക്ക് അനുസൃതമായിരിക്കും തുടർ നടപടികളെന്ന് ശനിയാഴ്ച സാസ്കാരിക വകുപ്പിന്‍റെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ (എസ്.പി.ഐ.ഒ) വിവരാവകാശ അപേക്ഷകരെ അറിയിച്ചിരുന്നു. റിപ്പോർട്ട് പുറത്തുവിടുന്നതിന് നിയമപരമായി ഒരു തടസ്സവും സർക്കാറിനും സാംസ്കാരിക വകുപ്പിനും ഇല്ലെന്നിരിക്കെ നടിയുടെ അഭ്യർഥനയിൽ റിപ്പോർട്ട് തടഞ്ഞ എസ്.പി.ഐ.ഒയുടെ നടപടിക്കെതിരെ അപേക്ഷകർ വിവരാവകാശ കമീഷന് പരാതി നൽകിയിരുന്നു. പരാതിയിൽ എസ്.പി.ഐ.ഒയോട് വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുൽ ഹക്കീം അടിയന്തര വിശദീകരണം തേടുകയും ചെയ്തിരുന്നു.

Tags:    
News Summary - Hema committee report out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.