കൊച്ചി: എണ്ണിത്തിട്ടപ്പെടുത്താനുള്ള ബുദ്ധിമുട്ടിെൻറ പേരിൽ ചെറിയ മൂല്യമുള്ള നോട്ടുകളും നാണയങ്ങളും സ്വീകരിക്കാതിരിക്കാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് ഹൈകോടതി. കള്ളനോട്ടുകൾ അല്ലാത്ത കറൻസികൾ സ്വീകരിക്കാൻ ബാങ്കുകൾക്ക് നിയമപരമായ ബാധ്യതയുണ്ട്. സാധുവായ എല്ലാ കറൻസികളും നാണയങ്ങളും സ്വീകരിക്കണമെന്ന റിസർവ് ബാങ്കിെൻറ നിർദേശം നിലവിലുണ്ടെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. ചെറിയ നോട്ടുകളും നാണയങ്ങളും സ്വീകരിക്കാൻ ബാങ്കിന് ഉത്തരവ് നൽകണമെന്നാവശ്യപ്പെട്ട് കണ്ണൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പ് ഉടമ എം. സതീഷ്കുമാർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഇന്ത്യൻ ബാങ്കിെൻറ ഫോർട്ട് റോഡ് ബ്രാഞ്ചിലാണ് ഹരജിക്കാരന് അക്കൗണ്ട് ഉള്ളത്. പമ്പിൽ ലഭിക്കുന്ന തുക ഇവിടെ നിക്ഷേപിക്കാറാണ് പതിവ്. എന്നാൽ, ചെറിയ നോട്ടുകളും നാണയങ്ങളും സ്വീകരിക്കുന്നത് 2018 േമയ് ഏഴുമുതൽ കാരണമില്ലാതെ ബാങ്ക് നിർത്തിവെച്ചതായി ഹരജിയിൽ പറയുന്നു. അഞ്ച് മുതൽ 50 രൂപ വരെയുള്ള നോട്ടുകളും നാണയങ്ങളും മാത്രം ഒന്നര ലക്ഷത്തോളം രൂപ പ്രതിദിനം ഇന്ധന വിൽപനയിലൂടെ ലഭിക്കാറുണ്ട്. എന്നാൽ, ഇൗ തുക ബാങ്ക് സ്വീകരിക്കാത്തത് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് ഹരജിയിൽ പറഞ്ഞിട്ടുള്ളത്. അതേസമയം, ചെറിയ തുക എണ്ണിത്തിട്ടപ്പെടുത്താനുള്ള അസൗകര്യമാണ് ബാങ്ക് അധികൃതർ വിശദീകരണത്തിൽ ചൂണ്ടിക്കാട്ടിയത്.
ബാങ്ക് ശാഖയുടെ പ്രവർത്തനത്തിന് ആവശ്യമായ ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളത്. അതിനാൽ, എല്ലാ ജോലികളും നിർത്തിവെച്ച് ഹരജിക്കാരെൻറ തുക എണ്ണിത്തിട്ടപ്പെടുത്തി രശീത് നൽകേണ്ടിവരുമെന്നും വിശദീകരണ പത്രികയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ബാങ്കിെൻറ വാദങ്ങൾ തള്ളിയ കോടതി സാധുവായ എല്ലാ തരം പണവും സ്വീകരിക്കാൻ ബാങ്കിന് ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. പണം മുഴുവൻ സ്വീകരിക്കുകയും എണ്ണിത്തിട്ടപ്പെടുത്തി രസീത് നൽകുകയും വേണമെന്ന് കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.