കൊച്ചി: പാലക്കാട്, എറണാകുളം ജില്ലകളിൽ തർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ ജില്ല കലക്ടർമാർ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൽ സർക്കാറിന് ഹൈകോടതിയുടെ വിമർശനം. കോടതി ഉത്തരവ് പാലിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിയടക്കം ഉദ്യോഗസ്ഥരെ കോടതിയിൽ നേരിട്ട് വിളിച്ചുവരുത്തേണ്ടി വരുമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവ് നടപ്പാക്കാൻ ഒരാഴ്ച സമയം അനുവദിച്ചു. ഒക്ടോബർ ഏഴിനകം സിംഗിൾബെഞ്ച് ഉത്തരവ് നടപ്പാക്കണമെന്നാണ് നിർദേശം.
എറണാകുളം ജില്ലയിലെ ഓടക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, പോത്താനിക്കാട് പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ ഓർത്തഡോക്സ് പള്ളി, മഴുവന്നൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി, പാലക്കാട് ജില്ലയിലെ മംഗളം ഡാം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, എരിക്കിൻചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, ചെറുകുന്നം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി എന്നിവ ഏറ്റെടുക്കാനാണ് കലക്ടർമാർക്ക് ആഗസ്റ്റ് 30ന് സിംഗിൾബെഞ്ച് നിർദേശം നൽകിയത്. ഇതുസംബന്ധിച്ച റിപ്പോർട്ട് കലക്ടർമാർ നൽകണമെന്നും ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പാക്കാൻ ശ്രമം നടത്തിയെങ്കിലും വിശ്വാസികളുടെ കടുത്ത എതിർപ്പ് മൂലം പലതവണ പൊലീസിന് പിൻവാങ്ങേണ്ടി വന്നിരുന്നു.
അതേസമയം, ഈ ഉത്തരവ് 10 ദിവസത്തേക്ക് നടപ്പാക്കുന്നത് തടഞ്ഞ് ഡിവിഷൻബെഞ്ച് സെപ്റ്റംബർ 25ന് ഉത്തരവിട്ടു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ യാക്കോബായ വിഭാഗം നൽകിയ അപ്പീലിലായിരുന്നു സ്റ്റേ ഉത്തരവ്. എന്നാൽ, ഇത് താൽക്കാലിക ഉത്തരവാണെന്നും വിശദമായ വാദത്തിനായി അപ്പീൽ ചൊവ്വാഴ്ച പരിഗണിക്കുന്നുണ്ടെന്നും ഹരജിക്കാർ കോടതിയെ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.