കൊച്ചി: പീഡനത്തിനിരയായി ഗർഭിണിയായ 15കാരിയുടെ 24 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈകോടതിയുടെ അനുമതി. ഗർഭച്ഛിദ്രത്തിനായി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും കുഞ്ഞിന് ജീവനുണ്ടെങ്കിൽ ആശുപത്രി അധികൃതർ മികച്ച പരിചരണം ഉറപ്പാക്കണമെന്നുമടക്കമുള്ള വ്യവസ്ഥയോടെയാണ് ജസ്റ്റിസ് വി.ജി. അരുൺ അനുമതി നൽകിയത്.
കുഞ്ഞിനെ പെൺകുട്ടിയുടെ വീട്ടുകാർ ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും നിർദേശിച്ചു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാൻ നിയമപരമായി അനുമതിയുണ്ട്. എന്നാൽ, ഈ കേസിൽ 24 ആഴ്ച പിന്നിട്ടതാണ്. ദിവസങ്ങൾ കഴിയുന്തോറും പെൺകുട്ടി കടുത്ത മാനസികപീഡനം അനുഭവിക്കുന്നു എന്ന ഹൈകോടതി നിയോഗിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിനെയാണ് അനുമതി നൽകാൻ ആശ്രയിച്ചത്.
ആറുമാസമായതിനാൽ പുറത്തെടുക്കുന്ന കുഞ്ഞ് ജീവിച്ചിരിക്കാൻ 30 ശതമാനം സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാനും ജീവനുണ്ടെങ്കിൽ സംരക്ഷിക്കാനും കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.