കൊച്ചി: ഇസ്രായേലിൽ കഴിയുന്ന മലയാളി ദമ്പതികളുടെ വിവാഹം ഒാൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ നടപടിക്ക് ഹൈകോടതിയുടെ ഉത്തരവ്. മോഹൻ സെബാസ്റ്റ്യൻ - സോണിയ രാജു ദമ്പതികൾക്ക് വേണ്ടി മോഹെൻറ പിതാവ് ചങ്ങനാശ്ശേരി സ്വദേശി സെബാസ്റ്റ്യൻ നൽകിയ ഹരജിയിലാണ് വിഡിയോ കോൺഫറൻസിങ് മുഖേന രജിസ്ട്രേഷൻ നടത്താൻ ചങ്ങനാശ്ശേരി നഗരസഭയിലെ ലോക്കൽ രജിസ്ട്രാർക്ക് ജസ്റ്റിസ് എൻ. നഗരേഷ് നിർദേശം നൽകിയത്.
മോഹനും സോണിയയും 2020 ജനുവരി 13നാണ് വിവാഹിതരായത്. തുടർന്ന് ഇസ്രായേലിലേക്ക് ഇരുവരും ജോലിക്ക് പോയി. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പിന്നീട് നാട്ടിലെത്തി വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ ഇവർക്ക് പിറന്ന കുഞ്ഞിെൻറ ജനന സർട്ടിഫിക്കറ്റിനും പാസ്പോർട്ടിനും മാതാപിതാക്കളുടെ വിവാഹ സർട്ടിഫിക്കറ്റ് വേണമെന്നതിനാൽ നഗരസഭയിൽ അപേക്ഷ നൽകി.
ദമ്പതികൾ നേരിട്ട് ഹാജരാകാത്തതിനാൽ അപേക്ഷ നിരസിച്ചു. തുടർന്നാണ് വിഡിയോ കോൺഫറൻസിങ് മുഖേന ഹാജരാകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. മറ്റൊരു കേസിൽ വിവാഹ രജിസ്ട്രേഷന് സമാന രീതിയിൽ അനുമതി നൽകിയത് വിലയിരുത്തിയാണ് ഇൗ ഹരജിയിലും കോടതിയുടെ ഉത്തരവുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.